2020ൽ ഇന്ത്യ സമ്പൂർണ 4ജി രാജ്യമാകുമെന്ന് മുകേഷ് അംബാനി

2020 ആകുമ്പോഴേക്കും ഇന്ത്യ സമ്പൂര്‍ണ 4 ജി രാജ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഡല്‍ഹിയില്‍ ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ലോകത്ത് മറ്റൊരിടത്തും മാസം 100 രൂപ ചെലവില്‍ ഡാറ്റാ കണക്ഷന്‍ ലഭിക്കില്ല. ഗ്രാമങ്ങളിലേക്ക് ജിയോ കണക്ഷന്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണിയായി ഇന്ത്യമാറുകയാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ‘2020 ആകുന്നതോടെ ഇന്ത്യ സമ്പൂര്‍ണമായി 4ജി രാജ്യമാകും. 5ജി സ്വീകരിക്കാന്‍ സര്‍വസജ്ജമായിരിക്കും അപ്പോള്‍. രാജ്യത്തെ എല്ലാ ഫോണുകളും 4ജി സൗകര്യമുള്ളതായിരിക്കും. ജിയോയെ സംബന്ധിച്ചിടത്തോളം കുറഞ്ഞവിലയ്ക്ക് ഉയർന്ന ഗുണമേന്മയുള്ള കണക്ടിവിറ്റി പ്രദാനം ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരാണ്- അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇപ്പോള്‍ സംരംഭകകുതിപ്പിലാണ്. ഇതിനു മുന്‍പ് ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ അതീവ ദാരിദ്ര്യത്തില്‍ കഴിയുന്ന ജനത ഇപ്പോള്‍ മൂന്നു ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് പുതിയ ലോകബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ശോഭനമായ ഭാവിയാണ് മുന്നില്‍ ഉള്ളതെന്നും ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസില്‍ മുകേഷ് അംബാനി പറഞ്ഞു.

‘അതിവേഗത്തിൽ വളരുന്ന സാമ്പത്തികവ്യവസ്ഥയാണ് ഇന്ത്യയുടേത്. ഒട്ടനവധി ഘടകങ്ങൾ ഇതിന് സഹായകമായിട്ടുണ്ട്. ഇതിൽ ശ്രദ്ധേയമായ ഒന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടെയുളള നേതൃത്വമാണ്. അഞ്ചുവർഷം കൊണ്ട് അദ്ദേഹം ഇന്ത്യയെ നല്ലരീതിയിൽ രൂപാന്തരപ്പെടുത്തി’- കേന്ദ്രാവിഷ്കൃത പദ്ധതികളെ പരാമർശിച്ചുകൊണ്ട് അംബാനി പറഞ്ഞു.

error: Content is protected !!