കപ്പൽ ഇടനാഴി ദോഷമാകുമെന്ന‌് മത്സ്യത്തൊഴിലാളികൾക്ക‌് ആശങ്ക

വ്യക്തമായ പഠനങ്ങളില്ലാതെ ഗുജറാത്തിലെ കച്ച‌ുമുതൽ കന്യാകുമാരിവരെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന കപ്പൽ ഇടനാഴി  കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക‌് ദോഷമാകുമെന്ന‌് ആശങ്ക. പരമ്പരാഗത ചെറുകിട മീൻപിടിത്തക്കാരുടെ തൊഴിലിടം ഇല്ലാതാക്കുന്നതുകൂടാതെ ഭാവിയിൽ വൻ അപകടങ്ങൾ വി‌ളിച്ചുവരുത്തുന്ന ഈ ഇടനാഴി പാരിസ്ഥിതിക പ്രശ‌്നങ്ങൾക്കും കാരണമാകുമെന്ന‌് മത്സ്യത്തൊഴിലാളികൾ പറയുന്നു.

കടലിൽ 15 നോട്ടിക്കൽ മൈൽമുതൽ 20 നോട്ടിക്കൽ മൈൽവരെ ഏതാണ്ട‌് 37.5 കിലോമീറ്റർ വീതിയിലാണ‌് ഗുജറാത്തിലെ കച്ച‌ുമുതൽ തമിഴ‌്നാട്ടിലെ കന്യാകുമാരിവരെ കപ്പൽ ഇടനാഴി കൊണ്ടുവരാൻ കേന്ദ്രസർക്കാർ പദ്ധതിയിട്ടിരിക്കുന്നത‌്. ഗുജറാത്ത‌്, മഹാരാഷ‌്ട്ര, ഗോവ, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങൾ കടന്ന‌് തമിഴ‌്നാട്ടിലാണ‌് ഈ ഇടനാഴി അവസാനിക്കുന്നത‌്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും യന്ത്രവൽകൃത വള്ളങ്ങളുടെയും തൊഴിലിടമാണ‌് ഇത‌്. ഏറ്റവും കൂടുതൽ മത്സ്യസമ്പത്തുള്ള ഈ ഇടത്തിൽ ഇവിടെ കേര‌ളത്തിൽനിന്ന‌ുമാത്രം 31,000 യാനങ്ങളാണ‌് മത്സ്യബന്ധനം നടത്തുന്നത‌്. കപ്പൽ കോറിഡോർ വന്നാൽ വള്ളങ്ങൾക്ക‌് ഇവിടെ പ്രവേശനാനുമതി നിഷേധിക്കപ്പെടും. കപ്പൽ കോറിഡോർ അല്ലാതെ നിരുപദ്രവകരായ (ഇന്നസെന്റ‌് പാസേജ‌്) പോക്കുവരവ‌് അനുവദിച്ചാലും ഇത്രയേറെ യാനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ഇടമായതിനാൽ അപകടങ്ങൾ കൂടാനും മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷിതമില്ലാത്ത അവസ്ഥ സംജാതമാകാനും ഇത‌് കാരണമാകും. അടുത്ത കാലത്ത‌് നടന്ന കപ്പലപകടങ്ങളിൽ നാലെണ്ണവും ഈ മേഖലയിലാണ‌് ഉണ്ടായതെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. കരയുടെ ചെരിവ‌് 50 കിലോമീറ്റർവരെയും അതിനുശേഷം ആഴക്കടലുമാണ‌്.   ഭൂഖണ്ഡസോപാനത്തിലാണ‌് ഏറ്റവും കൂടുതൽ മത്സ്യസമ്പത്ത‌ുള്ളത‌്. ഇത‌് ഓരോ തീരദേശമേഖലയ‌്ക്കും വ്യത്യസ്തമാണ‌്. കേരളത്തിൽ ഇത‌്  കരയിൽനിന്ന‌് 50 കിലോമീറ്റർ മാറിയാണെങ്കിൽ കത്യാവാറിൽ ഇത‌് 200 കിലോമീറ്റർ അകലെയാണ‌്.

കപ്പലുകൾക്ക‌് തീരദേശമേഖലയോട‌് അടുത്ത‌് സഞ്ചരിക്കാൻ അവസരം നൽകുന്നതിന‌ുപിന്നിൽ രണ്ടു കാരണങ്ങൾ ഉണ്ട‌്. കപ്പലിലെ വാർത്താവിനിമയ ഉപകരണങ്ങൾക്ക‌് റേഞ്ച‌് കൂടുതൽ ലഭിക്കണമെങ്കിൽ തീരദേശത്തോട‌് അടുത്തുവരണം. മറ്റൊന്ന‌് രാജ്യത്തെ 54 തുറമുഖങ്ങൾ ലക്ഷ്യംവച്ചുള്ള കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിക്കും കപ്പലുകളുടെ ഗതാഗതം സുഗമമാക്കണം. രാജ്യത്തിന്റെ തുറമുഖങ്ങളെ വൻകിട കോർപറേറ്റുകൾക്ക‌് പതിച്ച‌ുനൽകുന്നതാ‌ണ‌് കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതി.

എന്നാൽ, മത്സ്യത്തൊഴിലാളിമേഖലയിൽ ഉള്ളവരുമായി  ആശയവിനിമയമൊന്നും നടത്താതെ നടപ്പാക്കുന്ന കപ്പൽ ഇടനാഴി വൻ എതിർപ്പാണ‌് മേഖലയിൽനിന്ന‌് നേരിടുന്നത‌്. വികസനം വരുന്നതിന‌് എതിരല്ലെങ്കിലും പരിസ്ഥിതിക്ക‌് കോട്ടംതട്ടുന്ന ഈ വിഷയം വേണ്ടത്ര പഠനം ഇല്ലാതെ നടപ്പാക്കുന്നതിനോട‌് യോജിക്കാനാകില്ലെന്ന‌് എസ‌് ശർമ എംഎൽഎ പറഞ്ഞു. തിരുത, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങൾ ഏറ്റവുമധികം പ്രജനനം നടത്തുന്ന ഈ മേഖല മത്സ്യബന്ധനത്തിന്റെ ഗർഭപാത്രം എന്നാണ‌് അറിയപ്പെടുന്നത‌്. വിദഗ‌്ധപഠനത്തിന‌ുശേഷം സർവകക്ഷിയോഗത്തിന്റെ അഭിപ്രായംകൂടി ഇക്കാര്യത്തിൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കേന്ദ്രസർക്കാർനയത്തിനെതിരെ മത്സ്യത്തൊഴിലാളികൾ പ്ര‌‌‌‌ക്ഷേ‌ാഭം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ‌്.

error: Content is protected !!