പി കെ ശശി ജാഥാക്യാപ്റ്റനാവുന്നതിൽ എതിർപ്പറിയിച്ച് ഒരുവിഭാഗം പ്രവർത്തകർ

സിപിഎം കാൽനടപ്രചരണ ജാഥയിൽ പി കെ ശശി ജാഥാക്യാപ്റ്റനാവുന്നതിൽ എതിർപ്പറിയിച്ച് ഒരുവിഭാഗം പ്രവർത്തകർ. ജാഥയുടെ മുന്നൊരുക്കം തീരുമാനിക്കാൻ ചേർന്ന പാലക്കാട് ജില്ലാകമ്മിറ്റിയോഗത്തിലാണ് ശശി ജാഥ നയിക്കരുതെന്ന് ഒരുവിഭാഗം പ്രവർത്തകർ നിലപാടെടുത്തത്. എതിർപ്പിനിടെ ശശി ഇന്ന് ഷൊർണൂരിൽ പാർട്ടി യോഗങ്ങളിൽ പങ്കെടുത്തേക്കും.

അടുത്തമാസം 21നാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ സിപിഎമ്മിന്‍റെ കാൽനട പ്രചരണ ജാഥ. ഷൊർണൂരിൽ ജാഥനയിക്കുക സ്ഥലംഎംഎൽഎ ആയ പി കെ ശശിയെന്ന് നേരത്തെ തന്നെ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു. ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ ചേർന്ന പാലക്കാട്ടെ ജില്ലാകമ്മിറ്റി യോഗത്തിലാണ് ശശിക്കെതിരെ ഒരു വിഭാഗം പ്രവർത്തകർ നിലപാടെടുത്തത്.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നൽകിയ ലൈംഗിക പീഡന പരാതിയിൽ നടപടിയാകുംമുമ്പേ, പാർട്ടി വേദിയിൽ ശശി സജീവമാകുന്നത് ശരിയല്ലെന്ന് നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ ശശി ജാഥനയിച്ചാൽ പ്രതിഛായക്ക് കോട്ടം ത‍ട്ടുമെന്നും ആരോപണ വിധേയനെ മാറ്റി നിർത്തുകയാണ് വേണ്ടതെന്നുമായിരുന്നു നേതാക്കളുടെ നിലപാട്. ശശി കൂടി പങ്കെടുത്ത യോഗത്തിൽ പാലക്കാടിന്‍റെ സംഘടനാ ചുമതലയുളള സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവർത്തകരുടെ വിമർശനം.

ആലോചിച്ച ശേഷം തീരുമാനമെന്ന് കെ രാധാകൃഷ്ണൻ പ്രവർത്തകർക്കുറപ്പുനൽകിയെന്നാണ് സൂചന. സിപഐയിൽ നിന്ന് സിപിഎമ്മിലേക്ക് വരുന്ന പ്രവർത്തകർക്ക് മണ്ണാർക്കാട് അടുത്തയാഴ്ച നൽകുന്ന സ്വീകരണത്തിൽ ശശിയും അന്വേഷണ കമ്മീഷൻ അംഗം എ കെ ബാലനും പങ്കെടുക്കുന്നുണ്ട്. ആരോപണവിധേയനും അന്വേഷണ കമ്മീഷൻ അംഗവും വേദി പങ്കിടുന്നതിനെതിരെ ചില നേതാക്കളും പ്രവർത്തകരും അമർഷമറിയിച്ചിട്ടുണ്ട്.

ശശിക്കെതിരെ പേരിന് മാത്രം നടപടിയെന്നതിലേക്ക് സിപിഎം എത്തുന്നതിന്റെ സൂചനയാണിതെന്ന് പ്രവർത്തകർതന്നെ പറയുന്നു. നേരത്തെ, പൊതുപരിപാടികളിൽ നിന്നുൾപ്പെടെ വിട്ടുനിന്ന പി കെ ശശി എംൽഎയെ, എ കെ ബാലൻ ഇടപെട്ടാണ് പാർട്ടി വേദികളിലുൾപ്പെടെ സജീവമാക്കിയതെന്നും ആരോപണമുയരുന്നുണ്ട്.

error: Content is protected !!