രാകേഷ് ശര്‍മ്മയാകാന്‍ ഷാരൂഖ് ഖാന്‍: ചിത്രീകരണം അടുത്തവര്‍ഷം

ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയാകാന്‍ ഷാരൂഖ് ഖാന്‍. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം തുടക്കത്തോടെ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ റോണി ശ്രേവാല പറഞ്ഞു. രാകേഷ് ശര്‍മ്മയുടെ ജീവിതകഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മത്തായിയാണ്. തിരക്കഥാ രചന പൂര്‍ത്തിയായിക്കഴിഞ്ഞു. അഞ്ചും രാജബാലിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത് സിദ്ധാര്‍ഥ് റോയ് കപൂറും റോണി ശ്രേവാലയും ചേര്‍ന്നാണ്. ഇവരുടെ നിര്‍മ്മാണകമ്പനികളായ റോയ് കപൂര്‍ ഫിലിംസും, ആര്‍.എസ്.വി.പി. ഫിലിംസും സംയുക്തമായി സിനിമ നിര്‍മ്മിക്കാനാണ് തീരുമാനം.

‘ദം ലഗാ ഹേ ഹൈഷാ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഭൂമി പെട്‌നേക്കറാവും പുതിയ ചിത്രത്തില്‍ ഷാരൂഖിന്റെ നായിക എന്നാണു സൂചന. ‘സാരെ ജഹാംസെ അച്ഛാ’ എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നു വാര്‍ത്തയുണ്ട്. എന്നാല്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തുമെന്ന് റോണി ശ്രേവാല പറയുന്നു. ‘ഞങ്ങള്‍ ഷാറൂഖിനെ വെച്ചാവും ചിത്രം ചെയ്യുക. അടുത്ത വര്‍ഷം മാര്‍ച്ചിന്റെ ഫെബ്രുവരിയിലോ ആകും ചിത്രീകരണം തുടങ്ങുക. നായികയുടെ കാര്യം ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല.’ ശ്രേവാല പറഞ്ഞു.

ശുശാന്ത് സിങ് രജ്പുത്, സാറ അലി ഖാന്‍ ചിത്രം ‘കേദര്‍നാഥും’ ശ്രേവാലയാണ് നിര്‍മ്മിക്കുന്നത്. താന്‍ ഭാഗമായ എല്ലാ സംരംഭത്തിലും പൂര്‍ണ്ണ ആര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനാണ് താനാഗ്രഹിക്കുന്നതെന്നും ശ്രേവാല പറയുന്നു. മുംബൈ ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ 20മത്തെ എഡിഷന്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാരൂഖ് ഖാന്‍ കുള്ളനായി വേഷമിടുന്ന ‘സീറോ’ എന്ന ചിത്രം അടുത്തുതന്നെ പുറത്തിറങ്ങാനിരിക്കുമ്പോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വരുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ട്വിറ്ററില്‍ ഷാരൂഖും ചിത്രത്തിലെ നായകന്‍ ‘ബവ്വ സിങ്ങും’ നടത്തിയ സംവാദം വന്‍ശ്രദ്ധ ക്ഷണിച്ചുവരുത്തിയിരുന്നു.

error: Content is protected !!