തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു

തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു. പന്തളം കൊട്ടാരം വകയുള്ള പ്രായശ്ചിത്ത ചടങ്ങുകളായിരുന്നു സമാപന ദിനത്തിലെ പ്രത്യേകത. അതേസമയം യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സമാപന ദിനത്തിലും നാടകീയ സംഭവങ്ങള്‍ക്ക് സന്നിധാനം സാക്ഷിയായി.

മാസപൂജ സമയങ്ങളില്‍ ഹരിവരാസനം പാടി രാത്രി 10 മണിയോടെയാണ് നട അടയ്ക്കുന്നതെങ്കില്‍ തുലാമാസ പൂജകളുടെ സമാപന ദിനം രാത്രി 9.25ന് നട അടച്ചു. അയ്യപ്പ വിഗ്രഹത്തെ ഭസ്മാഭിഷിക്തനാക്കി യോഗദണ്ഡും ജപമാലയും അണിയിച്ച് ഹരിവരാസനം പാടിയാണ് നടയടച്ചത്.

സമാപനദിനം വൈകീട്ട് 6 മണിവരെ മാത്രമേ പമ്പയില്‍ നിന്ന് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ദേവപ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായി പന്തളം കൊട്ടാരം നടത്തിയ വിളിച്ചുചൊല്ലി പ്രായശ്ചിത്ത ചടങ്ങുകള്‍ സന്നിധാനത്ത് നടന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടായിരുന്നു.

അതേസമയം യുവതി പ്രവേശവുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ സമാപന ദിനത്തിലും സന്നിധാനത്ത് ആവര്‍ത്തിക്കപ്പെട്ടു. യുവതികള്‍ പ്രവേശിച്ചെന്ന അഭ്യൂഹം പ്രചരിച്ചതോടെ പ്രതിഷേധക്കാര്‍ സന്നിധാനത്തും സോപാനത്തും ശരണം വിളികളുമായി നിലയുറപ്പിച്ചു. സന്നിധാനത്തെ വിവിധ ഓഫീസ് മുറികള്‍ അടക്കം പ്രതിഷേധക്കാര്‍ കയറി പരിശോധന നടത്തി.

നേരത്തെ ആന്ധ്രയില്‍ നിന്നെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ പമ്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. തുലാമാസ പൂജകള്‍ക്ക് യുവതികള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതിരുന്നതില്‍ ആഹ്ലാദ പ്രകടനം നടത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ മലയിറങ്ങിയത്. ചിത്തിര ആട്ടവിശേഷ ചടങ്ങുകള്‍ക്കായി നവംബര്‍ അഞ്ചിന് വൈകിട്ട് വീണ്ടും നടതുറക്കും. പൂജകള്‍ക്ക് ശേഷം ആറിന് വൈകിട്ട് നട അടയ്ക്കും.

error: Content is protected !!