പാലക്കാട് നഗരസഭയില്‍ അവിശ്വാസപ്രമേയത്തിന് ഒരുങ്ങി യുഡിഎഫ്

പാലക്കാട് നഗരസഭയിൽ ചെയർമാനും വൈസ് ചെയർമാനുമെതിരെ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് ഒരുങ്ങുന്നു. ശുചീകരണ തൊഴിലാളികളുടെ നിയമനത്തിൽ ക്രമക്കേട് ആരോപിച്ചാണ് അവിശ്വാസം. അതേസമയം, വികസനം തടസ്സപ്പെടുത്തി ജനശ്രദ്ധ തിരിച്ചുവിടാനാണ് യുഡിഎഫ് ശ്രമമെന്നാണ് ഭരണപക്ഷമായ ബിജെപിയുടെ ആരോപണം.

ബിജെപി ഭരിക്കുന്ന എക നഗരസഭയായ പാലക്കാട് മുൻസിപ്പാലിറ്റിയിൽ, ഭരണ പക്ഷത്തിനെതിരെയുളള അവിശ്വാസ പ്രമേയങ്ങളുടെ അടുത്ത ഘട്ടത്തിലേക്കാണ് പ്രതിപക്ഷം കടക്കുന്നത്. നേരത്തെ സിപിഎം പിന്തുണയോടെ സ്ഥിരം സമിതി അംഗങ്ങളെ പുറത്താക്കിയ രീതിയിലാണ് പ്രതിപക്ഷ നീക്കം. അന്‍പത്തി രണ്ടു അംഗ നഗരസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കില്‍ പതിനെട്ടു അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. യു ഡി എഫിന് പതിനെട്ടു പേര്‍ ഉണ്ടെങ്കിലും മുസ്ലിം ലീഗ് അംഗത്തിനു വോട്ടവകാശം ഇല്ല. ഇതോടെ വെല്‍ഫെയര്‍ പാര്‍ട്ടി അംഗം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. അവിശ്വാസ പ്രമേയം ഉറപ്പായി. മൂന്ന് ശുചീകരണത്തൊഴിലാളികളുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം. എന്നാൽ പ്രമേയം വിലപ്പോവില്ലെന്ന ഉറച്ച നിലപാടിലാണ് ഭരണ പക്ഷം

കൗൺസിലിൽ ഇടതുമുന്നണിക്ക് 9 അംഗങ്ങളുണ്ട്. പ്രമേയത്തെ പിന്തുണക്കുന്ന കാര്യത്തിൽ മുന്നണിയിൽ അന്തിമതീരുമാനമായിട്ടില്ല. ഇടത് പിന്തുണ ഉറപ്പായാൽ, ബിജെപിക്ക് ഭരണം നഷ്ടപ്പെടും. പിന്തുണ ഉറപ്പാക്കി ഏറ്റവുമടുത്തുതന്നെ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം.

error: Content is protected !!