ശബരിമലയിൽ നാളെ നിരോധനാജ്ഞ: തീർഥാടകർക്ക് ബാധകമല്ല; സംസ്ഥാനത്ത് നാളെ ഹർത്താൽ

നാളെ ശബരിമലയിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനിൽക്കുന്ന സംഘർഷാവസ്ഥയും അക്രമങ്ങളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചത്. മുൻകരുതലിന്‍റെ ഭാഗമായി ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അർധരാത്രി 12 മണിമുതൽ നിരോധനാജ്ഞ നിലവിൽവരുമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാ‍ജ്ഞ നിലവിൽ വരിക. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല. ഇതിന്‍റെ സമയപരിധി ഇപ്പോൾ തീരുമാനിച്ചിട്ടില്ല. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമാണെങ്കിൽ നിരോധനാ‍ജ്ഞ നീട്ടും.

സമീപകാലത്തൊന്നും  ശബരിമലയിൽ നിരോധനാ‍ജ്ഞ ഉണ്ടായിട്ടില്ല. അത്യപൂർവമായ അക്രമസംഭവങ്ങൾ ശബരിമലയിൽ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ കടുത്ത നടപടി.

നാളെ സംസ്ഥാനത്ത് അഖില ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ഹർത്താലിന് ബിജെപി പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂർ ഹ‍ർത്താലിൽ വാഹനങ്ങൾ തടയുമെന്നും കടകൾ തുറക്കാൻ അനുവദിയ്ക്കില്ലെന്നുമാണ് പ്രഖ്യാപനം. അയ്യപ്പധർമസംരക്ഷണസമിതിയുൾപ്പടെയുള്ള ഹിന്ദുസംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തീർഥാടനം സുഗമമാക്കാൻ കർശനജാഗ്രതയിലാണ് പൊലീസ്. നിലയ്ക്കലിൽ നിന്ന് ഉൾപ്പടെ സമരക്കാരെ പൂ‍ർണമായി ഒഴിപ്പിയ്ക്കാനാണ് ഇപ്പോൾ പൊലീസിന് ഇപ്പോൾ ഉന്നതഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം.

error: Content is protected !!