ശബരിമല സ്ത്രീ പ്രവേശനം: പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസും ബിജെപിയും

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരവുമായി ബിജെപിയും കോണ്‍ഗ്രസും. വിശ്വാസ സമൂഹത്തിന് പൂർണ പിന്തുണയെന്നും ആരെങ്കിലും പുനപരിശോധന ഹര്‍ജി നല്‍കിയാൽ അതിനെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

പ്രത്യക്ഷ സമര പരിപാടികളുമായി ബിജെപിയും രംഗത്തെത്തി . ഇതിനിടെ സംയുക്തമായി പുന പരിശോധവ ഹര്‍ജി നല്‍കാൻ പന്തളം കൊട്ടാരവും തന്ത്രികുടുംബവും  തീരുമാനിച്ചു . വിശ്വാസ സമൂഹത്തിനുണ്ടായ മുറിവുണക്കാന്‍ പൂര്‍ണ പിന്തുണയെന്നാണ് കോണ്‍ഗ്രസ് നിലപാട്.

സ്ത്രീ പ്രവേശനത്തില്‍ നിയന്ത്രണം വേണമെന്ന മുൻ യുഡിഎഫ് സര്‍ക്കാരിന്‍റെ നിലപാടാണ് ഇപ്പോഴും കോണ്‍ഗ്രസിന്. പുനപരിശോധന ഹര്‍ജി നല്‍കാൻ തയാറെടുത്ത ദേവസ്വം ബോര്‍ഡിനെ വിരട്ടി പിന്തിരിപ്പിച്ചശേഷം വിധി നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാരിന്‍റെ നീക്കം സംശയാസ്പദമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കോണ്‍ഗ്രസിനു പിന്നാലെ മുസ്ലിം ലീഗും വീശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ശബരിമല യുവതി പ്രവേശന വിധിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് പത്തനംത്തിട്ടയില്‍  ഉപവാസ സമരം നടത്തും. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നടക്കുന്ന ഉപവാസ സമരം രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടണം, സർക്കാർ നിലപാട് തിരുത്തണം തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. എംപിമാരും ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും സമരത്തിൽ പങ്കെടുക്കും.

error: Content is protected !!