തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും; നിരോധനാജ്ഞ തുടരുന്നു

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി തുലാമാസ പൂജകൾ കഴിഞ്ഞതോടെ ശബരിമല നട ഇന്ന് അടയ്ക്കും. ഇന്നും നിരവധി തീർത്ഥാടകരാണ് ദർശനത്തിനായി എത്തുന്നത്. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും , പമ്പയിലും ഒരുക്കിയിരിക്കുന്നത്.

നിലയ്ക്കൽ ഉൾപ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും. യുവതികൾ മലകയറാനെത്തുമെന്ന പ്രചരണം ഉള്ളതിനാൽ , സർക്കാർ പ്രതിഷേധം മുന്നിൽ കാണുകയാണ്. ശബരിമലയിൽ അമ്പത് വയസ്സിന് താഴെയുള്ള നാല് യുവതികളെയാണ് ഇന്നലെ പലയിടത്തായി  ഭക്തർ തടഞ്ഞുവച്ചത്. ഇവരെല്ലാവരും ഒറ്റ തീർഥാടക സംഘത്തിൽപ്പെട്ടവരാണ്.

തെലങ്കാനയിലെ ഗുണ്ടൂർ ജില്ലയിൽ നിന്ന് വന്നവരാണ് ഇവരെല്ലാവരും എന്നാണ് സൂചന. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നാണ് ഇവരെല്ലാവരും പൊലീസിനോട് പറഞ്ഞത്. ഇവരിൽ ഒരാളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

error: Content is protected !!