നിലയ്ക്കലില്‍ സമര പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; പൊലീസ് ലാത്തി വീശി

ശബരിമല സമരം നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക്. നിലയ്ക്കൽ ഗോപുരത്തിനു സമീപം വീണ്ടും സംഘർഷം. പൊലീസിനു നേരെ രണ്ടു ഭാഗത്തുനിന്നും കല്ലേറ്. പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പൊലീസ് ലാത്തിവീശി. ശബരിമലയി നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്താണ് പൊലീസ് നടപടി.

പ്രധാന പാതയ്ക്ക് മുന്നിലുള്ള ക്ഷേത്രത്തിന് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പിരിച്ചുവിടാനാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. നിലയ്ക്കല്‍ രണ്ടാം ഗേറ്റിനടത്തും സംഘര്‍ഷം പടരുകയാണ്. തുടര്‍ന്ന് ഇവിടേയും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.  ലാത്തിച്ചാർജിനെ തുടർന്ന് സമരക്കാര്‍ ചിതറിയോടിയെങ്കിലും വീണ്ടും തിരിച്ചെത്തി പൊലീസിനെ നേരിടുന്നുണ്ട്.

രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്. പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ലാത്തിച്ചാര്‍ജിനിടെയും പൊലീസിന് നേരെ കല്ലേറുണ്ടായി. എഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.

പമ്പയിലും നിലക്കലിലും പ്രതിരോധം തീര്‍ത്തതിനെ തുടര്‍ന്ന് മലകയറാനെത്തിയ സ്ത്രീകള്‍ക്ക് പമ്പയിലേക്ക് പ്രവേശിക്കാനായില്ല. ശബരിമലയില്‍ ഡ്യൂട്ടിയ്ക്കെത്തിയ വനിതാ പൊലീസുകാരെയും പ്രതിഷേധകര്‍ വാഹനത്തില്‍നിന്ന് ഇറക്കി വിട്ടു. വനിതാ പൊലീസിനെ ഒളിച്ച് കൊണ്ടുപോകുന്നുണ്ടോ എന്ന് സംശയത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുകയാണ് പ്രതിഷേധകര്‍. രാവിലെ നാമജപ സമരത്തിലുണ്ടായിരുന്നവർക്ക് പകരം പുതിയ ആളുകളാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. ഇവരെത്തിയതിനെത്തുടർന്നാണ് സമരം അക്രമാസക്തമായത്.

error: Content is protected !!