ശബരിമല: അറസ്റ്റിലായത് 3505 പേർ, 12 വാഹനങ്ങൾ പിടിച്ചെടുത്തു

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 3505 പേർ. 529 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റുചെയ്തത്. അറസ്റ്റിലായവരിൽ 122 പേർ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ റിമാൻഡിലാണ്. ബാക്കിയുള്ളവർക്ക് ജാമ്യം ലഭിച്ചു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 12 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസുകളിൽ പെട്ടവരാണ് റിമാൻഡിലുള്ളത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതൽപേർ അറസ്റ്റിലായത്.

നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘർഷങ്ങളിൽ മാത്രം ഇരുന്നൂറിലധികംപേർ അറസ്റ്റിലായി. ഇതിൽ പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളിൽനിന്നുള്ളവരുമുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇവിടെമാത്രം 75 പേരെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിൽ ഹർത്താൽ ദിനത്തിലുൾപ്പെടെയുണ്ടായ സംഘർഷങ്ങളിലും കേസെടുത്തു. സ്ത്രീകളെ കൈയേറ്റംചെയ്തതിനും അസഭ്യം പറഞ്ഞതിനും ജാതിപ്പേരു വിളിച്ചതിനും ഏതാനും പേർക്കെതിരേ കേസുണ്ട്. പിടിയിലായവരിലേറെയും വിവിധ സംഘപരിവാർ സംഘടനാ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.

ഏതാനും ദിവസം മുമ്പ് നടന്ന പൊലീസ് ഉന്നതതല യോഗത്തിന് ശേഷമാണ് സംസ്ഥാനത്താകെ അറസ്റ്റ് ആരംഭിച്ചത്. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും അറസ്റ്റുചെയ്യാനായിരുന്നു നിർദേശം. ഇതിനിടെ, വാഹനഗതാഗതം സ്തംഭിപ്പിച്ചതിന് നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളെയും അറസ്റ്റുചെയ്തത് വിവാദമായി. ഇതേത്തുടർന്ന് അക്രമങ്ങൾ നടത്തിയവരെ മാത്രം അറസ്റ്റ്‌ ചെയ്താൽ മതിയെന്ന നിർദേശം ഡിജിപി നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ പൊലീസ് ആസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്.

error: Content is protected !!