പ്രളയ ദുരിതാശ്വാസം: സാധനങ്ങള്‍ ആലപ്പുഴ നഗരസഭാ സി.പി.എം കൗണ്‍സിലര്‍മാര്‍ കടത്തിയതായി അന്വേഷണ റിപ്പോര്‍ട്ട്
പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ ആലപ്പുഴ നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍മാര്‍ കടത്തിക്കൊണ്ടുപോയതായി അന്വേഷണ റിപ്പോര്‍ട്ട്. ഗോഡൗണായിരുന്ന ടൗണ്‍ ഹാളിലെ മുറിയുടെ പൂട്ടുപൊളിച്ച് ദുരിതാശ്വാസ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയ മൂന്ന് കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് അറിയിച്ചു.
ടൗണ്‍ഹാളില്‍ സൂക്ഷിച്ച സാധനങ്ങള്‍ ഒക്ടോബര്‍ 11നാണ് ഇടത് കൗണ്‍സിലര്‍മാര്‍ കടത്തിക്കൊണ്ടുപോയത്.അതേസമയം, സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള കൗണ്‍സിലര്‍മാരെ രക്ഷിക്കാന്‍ നഗരസഭാ സെക്രട്ടറി ശ്രമിക്കുന്നതായി യു.ഡി.എഫ് കുറ്റപ്പെടുത്തി. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ കൗണ്‍സിലറും മറ്റ് രണ്ട് വനിതാ കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് സാധനങ്ങള്‍ കടത്തിയതെന്നായിരുന്നു യു.ഡി.എഫ് ആരോപണം.
സംഭവത്തെ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതോടെ റിപ്പോര്‍ട്ട് ആരോപണം ശരിവച്ചു. കൗണ്‍സിലര്‍മാരായ കെ.ജെ.പ്രവീണ്‍, ശ്രീജിത്ര, സൗമ്യരാജ് എന്നിവര്‍ ചേര്‍ന്ന് സാധനം കടത്തിയെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് കൗണ്‍സിലര്‍ കെ.ജെ.പ്രവീണ്‍ പറഞ്ഞു. ഇതിനിടെ റിപ്പോര്‍ട്ടിലുള്‍പ്പെട്ട സി.പി.എം കൗണ്‍സിലര്‍മാരെ രക്ഷിക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു.