പള്ളി സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു; പുതുവൈപ്പില്‍ പ്രതിഷേധവുമായി വിശ്വാസികള്‍
പുതുവൈപ്പ് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സ്ഥലവും കെട്ടിടവും ഏറ്റെടുത്ത റവന്യു വകുപ്പ് നടപടിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. പള്ളി കോമ്പൗണ്ടിൽ നിന്ന് മാറിയുള്ള ഭൂമി പുറമ്പോക്ക് ആയത് കൊണ്ടാണ് ഏറ്റെടുത്തതെന്നാണ് റവന്യു വകുപ്പ് വിശദീകരണം.
ഇരുപത്തിയഞ്ച് സെന്‍റിലധികം ഭൂമിയും ഇവിടെ പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വിശ്വാസ പരിശീലന കേന്ദ്രവുമാണ് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് ഏറ്റെടുത്തത്. വർഷങ്ങളായി പള്ളിയുടെ കൈവശമുണ്ടായിരുന്നു ഭൂമിയായിരുന്നിത്.
പുതുവൈപ്പ് എൽപിജി സമരത്തിന്‍റെ കേന്ദ്രം കൂടിയായിരുന്നു ഇവിടം.ഇതിന്‍റെ പേരിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സർക്കാർ നടപടിയെടുത്തതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
അതേസമയം പുറമ്പോക്ക് ഭൂമി നോട്ടീസ് നൽകിയ ശേഷമാണ് ഏറ്റെടുത്തതെന്നാണ് അധികൃതരുടെ പ്രതികരണം.എന്നാൽ തുടർസമരപരിപാടികളുമായി പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.