ബാഗിന്‍റെ അമിതഭാരം: പുസ്തകങ്ങള്‍ സ്‌കൂളില്‍ സൂക്ഷിച്ച് കൂടെയെന്ന് ഹൈക്കോടതി

കുട്ടികള്‍ക്ക് സ്‌കൂള്‍ബാഗിന്‍റെ അമിതഭാരമെന്ന പ്രശ്‌നം പരിഹരിക്കാന്‍ സ്‌കൂളില്‍ കുറേ പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യം നല്‍കിക്കൂടേയെന്ന് ഹൈക്കോടതി. കുട്ടികളെക്കൊണ്ട് ഇത്രയും ഭാരമുള്ള ചുമടെടുപ്പിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. ഹർജിയിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ ഒരു മാസത്തിനകം മാനവവിഭവശേഷി മന്ത്രാലയം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. കേസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറെ കക്ഷിചേർക്കാനും കോടതി നിർദേശിച്ചു.

ബാഗുകളുടെ അമിതഭാരം കുട്ടികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കലൂർ സ്വദേശി ഡോ. ജോണി സിറിയക് സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഭാരം കുറയ്ക്കുന്നതിന് സിബിഎസ്ഇ ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും നടപ്പായില്ലെന്നും ഹർജിഭാഗം ബോധിപ്പിച്ചു.വിദ്യാർഥികൾ ചുമട്ടുകാരല്ലെന്ന് കേസ‌്‌വാദത്തിനിടെ കോടതി പരാമർശിച്ചു. സാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് വിദ്യാർഥികൾക്ക് എന്തിനാണ് ഇത്രമാത്രം പുസ്തകങ്ങളെന്ന് കോടതി ചോദിച്ചു.

error: Content is protected !!