കിട്ടാക്കടം വര്‍ധിച്ചതിന് കാരണം റിസര്‍വ് ബാങ്കെന്ന് അരുണ്‍ ജയ്റ്റ്‌ലി
രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്‍റെ ഉത്തരവാദിത്വം റിസര്‍വ് ബാങ്കിനെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്ലി. ഇതോടെ കുറച്ച് കാലമായി തുടര്‍ന്ന് പോരുന്ന ആര്‍ബിഐ കേന്ദ്ര സര്‍ക്കാര്‍ ശീതസമരം തറുന്ന പോരിലേക്ക് എത്തി.
റിസര്‍വ് ബാങ്കിന്റെ സ്വയം ഭരണാധികാരത്തെ സംബന്ധിച്ച് ധനമന്ത്രാലയവും ബാങ്കും തമ്മില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ജയ്റ്റ്‌ലിയുടെ പ്രസ്താവന. ജയ്റ്റ്‌ലിയുടെ പ്രസ്താവന ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തെ കൂടുതല്‍ രൂക്ഷമാക്കും.
രാജ്യാന്തര സാമ്പത്തിക പ്രതിസന്ധിക്കു ശേഷം 2008 മുതല്‍ 2014 വരെ ബാങ്കുകളോടു വാതിലുകള്‍ തുറന്നിടാനും വിവേചനരഹിതമായി വായ്പ നല്‍കാനും അന്നത്തെ യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ജയ്റ്റ്‌ലി പറഞ്ഞു. ഈ കാലഘട്ടത്തിലൊന്നും റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ല. ഇതോടെ കിട്ടാക്കടം വലിയ തോതില്‍ പെരുകാന്‍ കാരണമായതായി അദ്ദേഹം അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ പറഞ്ഞിരുന്നു.