ഒടുവില്‍ മീ ടൂ ആരോപണം രാഹുല്‍ ഈശ്വറിലേക്കും

രാഹുല്‍ ഈശ്വറിനെതിരെ മീറ്റൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കെ 2003-2004 കാലഘട്ടത്തിലാണ് സംഭവം. സുഹൃത്തായിരുന്ന രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടിവിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താന്‍. പിന്നീട് അയാള്‍ തന്‍റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു.  ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

”അന്ന് സ്ത്രീകളുടെ തുല്യതയ്ക്കായി സംസാരിക്കുന്ന ആളായിരുന്നു രാഹുല്‍.  യുവാക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്പോള്‍ എന്‍റെ ഉള്ളില്‍ പഴയ ഓര്‍മ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വിശ്വാസങ്ങളില്‍ എനിക്ക് സംശയമുണ്ട്. ഇന്ന് അയാള്‍ പറയുന്നതെല്ലാം ആത്മാര്‍ത്ഥമായാണോ  ? ആ കാലഘട്ടത്തിലേതില്‍നിന്ന് വളരെ വ്യത്യസ്തമാണ് ഇന്നത്തെ അയാളുടെ പ്രവര്‍ത്തികള്‍” – ഇഞ്ചിപ്പെണ്ണിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്.

രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. ഉപാധികളോടെയാണ് കേസില്‍ കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. അതിനിടെ രാഹുല്‍ താഴമണ്‍ കുടുംബാംഗമല്ലെന്ന് വ്യക്തമാക്കി തന്ത്രി കുടുംബം രാഹുലിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ രാഹുലിനെ റിമാന്‍റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയതിന് ശേഷം നടത്തിയ വിവാദ പരാമര്‍ശത്തിലായിരുന്നു വീണ്ടും അറസ്റ്റ് ചെയ്തത്.

error: Content is protected !!