എതിർവശത്ത് മുഖ്യമന്ത്രി നിൽക്കുന്നതുകൊണ്ടാണോ പേടി? തന്ത്രികുടുംബത്തിന് രാഹുൽ ഈശ്വറിന്‍റെ മറുപടി
തന്ത്രികുടുംബാംഗമല്ലാത്ത രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ഒരവകാശവുമില്ലെന്ന താഴമൺ തന്ത്രികുടുംബത്തിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഹുൽ ഈശ്വർ. തനിയ്ക്കെതിരായ ആരോപണങ്ങൾ ബാലിശമാണ്. ആരെയോ ഭയന്നാണ് താഴമൺ തന്ത്രികുടുംബം തനിയ്ക്കെതിരെ പ്രസ്താവന നടത്തുന്നതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.
‘എതിർസ്ഥാനത്ത് മുഖ്യമന്ത്രി നിൽക്കുന്നതുകൊണ്ടാണോ തന്ത്രികുടുംബം ഭയക്കുന്നത്? അയ്യപ്പവിശ്വാസിയായാണ് താൻ സമരവുമായി മുന്നോട്ടുപോകുക. അഞ്ചാംതീയതി നട തുറക്കുമ്പോൾ ഞാൻ ശബരിമലയിലുണ്ടാകും. സ്ത്രീകളെ പ്രവേശിപ്പിച്ചുള്ള ആചാരലംഘനം അനുവദിക്കില്ല.’ രാഹുൽ ഈശ്വർ പറഞ്ഞു.
ശബരിമലയിൽ രക്തമിറ്റിയ്ക്കാൻ ‘പ്ലാൻ ബി’ ആസൂത്രണം ചെയ്തിരുന്നെന്ന പരാമർശത്തിന്‍റെ പേരിൽ അറസ്റ്റിലായിരുന്നു രാഹുൽ ഈശ്വർ. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഹുലിന് ഞായറാഴ്ച വൈകിട്ടോടെ ജാമ്യമനുവദിച്ചു. കലാപത്തിന് ആഹ്വാനം ചെയ്തെന്ന വകുപ്പ് ചുമത്തിയാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടർന്ന്, രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം വാർത്താക്കുറിപ്പിറക്കി. വിശ്വാസത്തിന്‍റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുൽ ഈശ്വറിന്‍റേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്‍റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടർച്ചാവകാശവുമില്ല. തന്ത്രികുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.