പുതിയ പ്ലാനുമായി രാഹുല്‍ ഈശ്വര്‍: ഭക്തര്‍ക്ക് വാക്കിടോക്കി വിതരണം ചെയ്യാനൊരുങ്ങുന്നു

ശബരിമലയിലെ പ്രതിഷേധം ആളിക്കത്തിക്കാന്‍ വീണ്ടും രാഹുല്‍ ഈശ്വര്‍. സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി ശബരിമലയെ കളങ്കപ്പെടുത്താനായിരുന്നു രാഹുലിന്റെ പ്ലാന്‍ ബി. എന്നാല്‍ അത് പാളിപ്പോയതിനെ തുടര്‍ന്ന് പുതിയൊരു പദ്ധതിയുമായാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അയ്യപ്പഭക്തര്‍ക്ക് ആശയവിനിമയത്തിനായി വാക്കിടോക്കികള്‍ വിതരണം ചെയ്യാനാണ് രാഹുലിന്റെ അടുത്ത പദ്ധതി.

വാക്കിടോക്കികള്‍ വിതരണം ചെയ്യുന്നതിലൂടെ ഭക്തരെ സംഘടിപ്പിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി ജയിലിട്ട രാഹുല്‍ പുറത്തിറങ്ങിയതിന് ശേഷവും സമരപരിപാടികളുമായി സജീവമാകാനുളള ഉറച്ച തീരുമാനത്തിലാണ്.

ജയില്‍വാസത്തിനും നിരാഹാരത്തിനും ശേഷം സമരരംഗത്ത് സജീവമാകുകയാണെന്ന് രാഹുല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ എല്ലാവരെയും അറിയിച്ചത്. ക്ഷേത്രം അശുദ്ധമാക്കാനുള്ള രാഹുലിന്റെ പദ്ധതി രാജ്യദ്രോഹക്കുറ്റമാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് പുതിയ പദ്ധതിയുമായി രാഹുല്‍ ഈശ്വര്‍ എത്തിയിരിക്കുന്നത്.

error: Content is protected !!