ഗാന്ധിജയന്തിക്ക് കേരളത്തിലെ തടവുകാര്‍ക്ക് ശിക്ഷയിളവില്ല

150-ാം ഗാന്ധിജയന്തിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം കേരളത്തിലെ തടവുകാര്‍ ലഭിക്കില്ല. ശനിയാഴ്ച രാത്രി ശിക്ഷയിളവിനുള്ള തടവുകാരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനിലെത്തിച്ചിരുന്നു. പട്ടികയുടെ ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കത്തും നല്‍കി. ഇതു മാത്രം പരിഗണിച്ച് തടവുകാരുടെ മോചനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സാധിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. പ്രതികളെ ശിക്ഷച്ച ഉത്തരവും വേണമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

ഇതു കൂടാതെ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ ഉണ്ടെങ്കില്‍ കേസിലെ ഇരകളുടെ കുടുംബത്തിന്റെ നിലപാടും വ്യക്തമാക്കണം. അല്ലാത്തപക്ഷം പൊതുമാപ്പിനുള്ള അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചതോടെ സര്‍ക്കാര്‍ വലഞ്ഞു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. പക്ഷേ ഗവര്‍ണര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്തെ തടവുകാരുടെ മോചനം മുടങ്ങി.

സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഏറിയ പങ്കും രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ ജീവപര്യന്തത്തിനു താഴെ ശിക്ഷലഭിച്ചവരാണെന്ന ആക്ഷേപം ശക്തമാണ്. പ്രത്യേകഇളവ് നല്‍കി ശാരീരിക വൈകല്യമുള്ളവര്‍, ഗുരുതരരോഗികള്‍, വൃദ്ധര്‍, വനിതകള്‍ എന്നിവരെ മൂന്നു ഘട്ടമായി മോചിപ്പിക്കാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

error: Content is protected !!