ക്ഷേമപദ്ധതികൾ ജനങ്ങളിലേത്തിക്കുക സുപ്രധാനം: കെ.വി. സുമേഷ്

കണ്ണൂര്‍ : സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനേക്കാൾ സുപ്രധാനം അവ ജനങ്ങളിലേക്കെത്തിക്കുക എന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. സർക്കാറിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി ആവിഷ്‌ക്കരിച്ച പിആർഡി സഹായ കേന്ദ്രത്തിന്റെ പരിശീലന പരിപാടി കലകട്‌റേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതികളുടെ കുറവല്ല നാം നേരിടുന്ന പ്രശ്‌നമെന്ന് പ്രസിഡൻറ് പറഞ്ഞു. സാധാരണക്കാർക്ക് വേണ്ടി പ്രഖ്യാപിക്കുന്ന പല പദ്ധതികളും നൂറുശതമാനം അവരിലേക്കെത്തുന്നില്ല. അതേക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ അറിവ് ഇല്ലാത്തതാണ് ഇതിന് കാരണം. സാങ്കേതിക വിദ്യ അറിയാത്ത പിന്നോക്ക പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാവുന്നില്ല. ഏത് സർക്കാറായാലും സാധാരണ ജനങ്ങളുടെ അവകാശങ്ങൾ, പദ്ധതികൾ അവർക്ക് ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പിആർഡി സഹായ കേന്ദ്രം ശ്രദ്ധേയവും അഭിന്ദനനീയവുമായ പദ്ധതിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ലൈബ്രറി കൗൺസിലിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പിആർഡി സഹായ കേന്ദ്രം പരിപാടിയിലേക്ക് ആദ്യ ഘട്ടത്തിൽ 46 വായനശാലകളെ തെരഞ്ഞെടുത്തിട്ടുണ്ട്.പയ്യന്നൂർ താലൂക്ക്- 8, തളിപ്പറമ്പ്-13, ഇരിട്ടി-7, കണ്ണൂർ-6, തലശ്ശേരി-12 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ പിആർഡി സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. സർക്കാർ ധനസഹായ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള സ്‌കീമുകൾ, മറ്റ് സർക്കാർ വിവരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സഹായ കേന്ദ്രം വഴി ഉദ്ദേശിക്കുന്നത്.

എ.ഡി.എം ഇ മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. ഐ.പി.ആർ.ഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.പി. അബ്ദുൽഖാദർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു എന്നിവർ സംസാരിച്ചു. ക്ഷേമ പദ്ധതികൾ സംബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ രാജീവൻ, ഡിഡിപി ഓഫീസ് ജൂനിയർ സൂപ്രണ്ട് പി വിമൽകുമാർ, ജോയിന്റ് ബിഡിഒ കെ അയിഷ, കണ്ണൂർ വില്ലേജ് ഓഫീസർ പി സുനിൽകുമാർ, ജൂനിയർ അഡ്. മെഡിക്കൽ ഓഫീസർ ഡോ. ബി സന്തോഷ് എന്നിവരും ഓൺലൈൻ സാങ്കേതിക വിദ്യ സംബന്ധിച്ച് ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ അൻഡ്രൂസ് വർഗീസ്, ഇൻഫർമേഷൻ കേരള മിഷനിലെ ജഷീല എന്നിവരും ക്ലാസെടുത്തു.

error: Content is protected !!