പരിയാരം മെഡിക്കൽ കോളേജ‌് പൂർണമായും സർക്കാർമേഖലയിലേക്ക‌്

പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂർണമായും സർക്കാർ മേഖലയിലേക്ക‌് മാറും. കഴിഞ്ഞ ഏപ്രിലിൽ  ഓർഡിനൻസിലൂടെ ഏറ്റെടുക്കുമ്പോൾ ആർസിസി മാതൃകയിൽ പ്രത്യേക  സൊസൈറ്റിയുടെ നിയന്ത്രണത്തിലാക്കാനാണ‌് സർക്കാർ ആലോചിച്ചിരുന്നത‌്. എന്നാൽ സംസ്ഥാനത്തെ ഇതര സർക്കാർ മെഡിക്കൽ  കോളേജുകളെപ്പോലെ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലേക്ക‌് കൊണ്ടുവരുന്നതാണ‌് കൂടുതൽ ഗുണകരമാവുകയെന്ന നിലപാടിലാണ‌്  ഗവൺമെന്റ‌്. ഇതിനുള്ള ബിൽ  അടുത്ത നിയമസഭാ സമ്മേളനത്തിൽ  അവതരിപ്പിക്കും.

കേരളത്തിലെ സഹകരണ മേഖലയിലെ മികച്ച മെഡിക്കല്‍ കോളേജ് ആയ പരിയാരം മെഡിക്കൽ കോളേജ‌്  ഏപ്രിൽ 27നാണ‌്  സർക്കാർ ഏറ്റെടുത്തത‌്. കണ്ണൂർ കലക്ടർ മീർ മുഹമ്മദലി, പ്രശസ‌്ത ന്യൂറോ സർജൻ ഡോ. വി ജി പ്രദീപ‌് കുമാർ, കോഴിക്കോട‌് മെഡിക്കൽ കോളേജ‌് റിട്ട. പ്രിൻസിപ്പൽ ഡോ. സി രവീന്ദ്രൻ എന്നിവരടങ്ങിയ താൽക്കാലിക ഭരണസമിതിക്കാണ‌്  ഭരണച്ചുമതല.  കളമശേരി മെഡിക്കൽ കോളേജ‌് മാതൃകയിൽ സ‌്പെഷ്യൽ ഓഫീസറെയോ താൽക്കാലിക ഭരണസമിതിയെയോ   ഭരണം ഏൽപിച്ച‌്  ക്രമേണ പൂർണമായി ഏറ്റെടുക്കാനാണ‌് ആലോചന.

വെള്ളിയാഴ‌്ച തിരുവനന്തപുരത്ത‌് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ  സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം ഏറ്റെടുക്കലിന്റെ പ്രായോഗികവശങ്ങൾ ചർച്ചചെയ‌്തു. ആവശ്യമായ മുന്നൊരുക്കങ്ങൾ സംബന്ധിച്ച‌് റിപ്പോർട്ട‌് നൽകാൻ താൽക്കാലിക ഭരണസമിതിയോട‌് ആവശ്യപ്പെട്ടിരിക്കയാണ‌്.  ഈ റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും ബില്ലിന‌് അന്തിമ രൂപം നൽകുക.

പന്ത്രണ്ട‌്  സൂപ്പർ സ‌്പെഷ്യാലിറ്റി വിഭാഗങ്ങളും ഇരുപതിലേറെ സ‌്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രി സമുച്ചയമാണ‌് പരിയാരത്തേത‌്. മെഡിക്കൽ കോളേജിന‌് പുറമെ ഡെന്റൽ, ഫാർമസി , നേഴ‌്സിങ‌് കോളേജുകൾ, നേഴ‌്സിങ‌് സ‌്കൂൾ, ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് പാരാ മെഡിക്കൽ സയൻസസ‌്, രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഹൃദ്രോഗ ചികിത്സാകേന്ദ്രമായ ഹൃദയാലയ, പബ്ലിക‌് സ‌്കൂൾ എന്നിവയും പ്രവർത്തിക്കുന്നു.  ഹൃദ്രോഗ പരിശോധനയിലും  ചികിത്സയിലും  മുന്‍പന്തിയിലാണ‌് പരിയാരം ഹൃദയാലയ. മൂവായിരത്തിൽപരം വിദ്യാർഥികൾ. 300 ഡോക്ടർമാർ. രണ്ടായിരത്തോളം ജീവനക്കാർ.

സർക്കാർ ഭൂമിയും സഹകരണ മേഖലയുടെ പണവുമുപയോഗിച്ച‌് 1993ലാണ‌്  എം വി രാഘവന്റെ  നേതൃത്വത്തിൽ സ്ഥാപനം പടുത്തുയർത്തിയത‌്. 1998ൽ  നായനാർ സർക്കാർ ഏറ്റെടുത്തെങ്കിലും 2002ൽ എ കെ ആന്റണി സർക്കാർ വീണ്ടും എം വി രാഘവന്റെ നേതൃത്വത്തിലുള്ള സഹകരണ സൊസൈറ്റിയെ തിരിച്ചേൽപ്പിച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ ഏറ്റെടുക്കുമെന്ന‌് പ്രഖ്യാപിച്ചിരുന്നു. എന്നാൽ  ഭീമമായ കടബാധ്യത കാരണം ഏറ്റെടുക്കലിന‌് ധനവകുപ്പ‌് തീർത്തും എതിരായിരുന്നു.

error: Content is protected !!