കടമ്പൂർ വയലിലെ കുളിർമ്മയുള്ള കാഴ്ച

ഒരു പാട് നല്ല ജീവിത കഥകൾ പങ്കുവെക്കുന്ന ഇടമാണ് സമൂഹ മാധ്യമങ്ങള്‍. ആ കൂട്ടത്തിലേക്ക് ഒരു കുളിര്‍മ്മയുള്ള കാഴ്ച്ച കൂടി പങ്കുവെക്കുന്നു.  ഈ കാർഷിക പാഠം നിറഞ്ഞ നന്മ കാഴ്ച കണ്ണൂർ ജില്ലയിലെ കടമ്പൂരിൽ നിന്നാണ്. വയലുകളായ വയലെല്ലാം മണ്ണിട്ടു നികത്തുന്ന കാലത്ത് മൂന്ന് തലമുറകൾ ഒത്തുചേർന്ന് കാർഷിക സംസ്കൃതി തിരിച്ചുപിടിക്കുന്ന അപൂർവ്വമായ അനുഭവസാക്ഷ്യം.കടമ്പൂർ സ്വദേശിയായ എം.എസ് അനന്ദാണ് ഈ കാർഷിക കൂട്ടായ്മ ഫെയിസ് ബുക്കിൽ പങ്ക് വച്ചത്.

ആനന്ദിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കടമ്പൂർ വയലിലെ കുളിർമ്മയുള്ള കാഴ്ച – ഓളും പുരുയനും (മണിയും ഭാര്യ പങ്കജവും ) അമ്മയും മോനും ( മാലതിയും മകൻ ഹിമേഷും) നവ പരീക്ഷണങ്ങളുമായി നിധിയും. നാട്ടിലുള്ള കുന്നെല്ലാം കോരി വയൽ നിറച്ച് കാണക്കാണെ വയലെല്ലാം കരപ്പറമ്പായി മാറുമ്പോൾ വയലിന്റെ വിലയറിഞ്ഞ് വിത്തെറിഞ്ഞ് ലാഭേച്ഛയില്ലാതെ കാർഷിക പ്രവൃത്തിയിൽ ഏർപ്പെട്ട് വയല് കാക്കുന്നവർക്ക് നമോവാകം. കാണുമ്പോൾ സന്തോഷം. തരിശിടുന്നു എന്ന് പറഞ്ഞ് മണ്ണിടാൻ വരുന്നവരോട് മല്ലടിക്കേണ്ടല്ലോ എന്നാശ്വാസവും.മഠത്തിൽ നിധീഷ് വിമുക്ത ഭടനാണ്,ഓട്ടോ ഡ്രൈവറാണ്, ചിത്രകാരനാണ്. കൃഷിയിയിൽ നവ പരീക്ഷണങ്ങളുമായി ഒഴിവു സമയം പ്രയോജനപ്രദമായി ചെലവഴിക്കുന്നു. കണ്ടുമുട്ടുമ്പോൾ ചർച്ച പുതിയ പരീക്ഷണ രീതികളെപ്പറ്റിയാവും.മണിയേട്ടൻ തെങ്ങുകയറ്റ തൊഴിലാളിയാണ്. ഭാര്യ പങ്കജമാണെങ്കിൽ പലവിധ രോഗപീഡയാൽ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും ഇത്തിരി വട്ട സ്ഥലത്ത് ഒത്തിരി കാര്യങ്ങൾ ചെയ്യുന്നു. ആട് വളർത്തൽ, കോഴി വളർത്തൽ, കിട്ടാവുന്ന സ്ഥലത്ത് പലവിധ പച്ചക്കറികൾ നടും ഒപ്പം നെല്ലും. തേനീച്ചയെപ്പോലെ തിരക്കിട്ട ജീവിതത്തിൽ മറ്റു ചിന്തകൾക്കിടമില്ലാതാകുന്നു. വിത്തു ഗുണം പത്തു ഗുണം എന്നു പറഞ്ഞതുപോലെ മാലതിയേച്ചിയും മക്കളും നാടിനും വീടിന്നും പ്രയോജനമുള്ളവരാണ്. ഭർത്താവ് ബാലേട്ടൻ ഇന്നില്ലെങ്കിലും അദ്ദേഹം ഇത്തരം കാര്യങ്ങളിൽ തൽപ്പരനാണ്. എനിക്ക് തൊഴിലും തൊരവും ഇല്ലാത്ത കാലത്ത് മുണ്ടയാട് കോഴിവളർത്തു കേന്ദ്രത്തിൽ നടക്കുന്ന എല്ലാ പരിശീലന പരിപാടികളിലും CRP യിൽ നിന്ന് റിട്ടയർ ചെയ്ത ബാലേട്ടനും ഞാനും ഒന്നിച്ചു പങ്കെടുത്തിരുന്നു.എന്റെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ പരിപാടികളിലും പിന്തുണയായി മാലതിയേച്ചി ഉണ്ടാവും. ആസാം റൈഫിൾസിൽ പ്രവർത്തിക്കുന്ന മൂത്ത മകൻ ഹിതേഷ് നാട്ടിലെത്തിയാൽ വായനശാലാ പരിപാടികൾ, കാർഷിക പരിപാടികൾ എന്നിവ വിജയിപ്പിക്കാൻ മുൻനിരയിലുണ്ടാവും. നല്ല വായനക്കാരൻ കൂടിയാണ്. ഹിതേഷിനെപ്പോലുള്ള ചെറുപ്പക്കാർ നാട്ടിൽ വളർന്നു വരേണ്ടത്. അനുജൻ ഹിമേഷ് വയലിലുള്ള ചിത്രത്തിലുണ്ട്.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ് ഭാര്യ മുഴപ്പിലങ്ങാട് PHC യിൽ ഇതേ തസ്തികയിൽ പ്രവർത്തിക്കുന്നു. നിത്യാനന്ദ വായനശാല സാംസ്ക്കാരിക വേദി, ഫിലിം സൊസൈറ്റി എന്നിവയുടെ സെക്രട്ടറിയാണ്. കൃഷിയിലും സാംസ്ക്കാരിക പ്രവർത്തനത്തിലും ഒരുപോലെ സക്രിയം. മാലതിയേച്ചിയുടെ മകൾ ഹൃദ്യയും സഹൃദയയും പുരോഗമനാശയം വെച്ചു പുലർത്തുന്ന യുവതിയാണ്. വിശ്വാസ സംരക്ഷണത്തേക്കാൾ വയലുകൾ സംരക്ഷിക്കാനുള്ള ഘോഷയാത്രകളും പ്രവർത്തനങ്ങളുമാണ് നാടിന്നാവശ്യം –

മനസു നിറയുന്ന ഇത്തരം അനുഭവങ്ങൾ പുതിയ കാലത്ത് ഒരോ മനുഷ്യർക്കും പ്രചോദനമാണ്. ഈ കൂട്ടായ്മയിൽ വിളയുന്ന നന്മയുടെ നൂറുമേനിക്കായി കാത്തിരിക്കാം.
error: Content is protected !!