ഉത്തര മലബാറിലെ അവസാന ലെവല്‍ ക്രോസും ചരിത്രമാകുന്നു; നീലേശ്വരം-പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്

ദേശീയ പാതയില്‍ ഉത്തര കേരളത്തിലെ അവസാനത്തെ റെയില്‍വേ ലെവല്‍ ക്രോസും ചരിത്രമാകുന്നു. നീണ്ട കാത്തിരിപ്പിനും സമരങ്ങള്‍ക്കും ഒടുവില്‍ കാസര്‍കോട് നീലേശ്വരം-പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് ഉദ്ഘാടനം നിര്‍വഹിക്കുക.

കാസര്‍കോട്- കോഴിക്കോട് ദേശീയപാതയിലുണ്ടായിരുന്ന ഏക റെയില്‍വേ ലവല്‍ക്രോസും ഇനി ചരിത്രമാവും. ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ മണിക്കൂറുകളോളം റെയില്‍വേ ലവല്‍ ക്രോസില്‍ കുടുങ്ങിക്കുടക്കുന്നത് കാരണം നിരവധി പേരാണ് പ്രയാസം നേരിട്ടത്. നിരന്തരം ഇടപെട്ടിട്ടും റെയില്‍വേ മേല്‍പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒക്ടോബര്‍ 26 മുതല്‍ പി കരുണാകരന്‍ എം.പി സത്യഗ്രഹസമരം നടത്തിയിരുന്നു. റെയില്‍വേ മേല്‍പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകീട്ട് നടക്കും.

64.43 കോടി രൂപ ചെലവില്‍ നീലേശ്വരം പള്ളിക്കരയില്‍ നാലുവരി മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം.45 മീറ്ററില്‍ നാലുവരിയുള്ള രണ്ട് മേല്‍പ്പാലങ്ങളാണ് പണിയുക.780 മീറ്റര്‍ മേല്‍പ്പാലവും 700 മീറ്റര്‍ അനുബന്ധ റോഡുമാണ് നിര്‍മ്മിക്കുന്നത്. 64.43 കോടി രൂപയില്‍ 52.68 കോടി രൂപ നിര്‍മാണച്ചെലവാണ്. ബാക്കി തുക നാല് വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിക്കും. 650 ദിവസത്തിനകം പണി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍മ്മാണ കമ്പനിക്കുള്ള കരാര്‍ വ്യവസ്ഥ.

error: Content is protected !!