അബ്ദുൾ നാസർ മഅദ്നി ഇന്ന് കേരളത്തിലെത്തും

അര്‍ബുദരോഗം ബാധിച്ച ഗുരുതരാവസ്ഥയില്‍ തുടരുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നി ഇന്ന് കേരളത്തിലെത്തും. രാവിലെ 10.30ന് ബംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുക.

ശാസ്താംകോട്ടയിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ച ശേഷം നവംബർ നാലിന് മടങ്ങും. ബംഗളൂരുവില്‍ നിന്ന് പതിനൊന്ന് അംഗ പൊലീസ് സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.  നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന മഅദ്നിക്ക് ബംഗളൂരു വിട്ടു പുറത്തു പോകുന്നതിന് വിലക്കുണ്ട്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍  കേരളത്തിലേക്ക് പോകാന്‍ അനുമതി തരണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.

അമ്മയെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച വിചാരണ കോടതി വിധിക്കെതിരെ അബ്ദുള്‍നാസര്‍ മഅദ്നി കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. പി‍ഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകൾ മൗലികാവകാശ ലംഘനമാണെന്നായിരുന്നു പരാതി.

അതേസമയം ഉമ്മയെ കാണാന്‍ മഅ്ദനി കെട്ടി വെക്കേണ്ടത് 2 ലക്ഷത്തോളം രൂപയാണ്. ഉമ്മയെ കാണാന്‍ പോകുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ചെലവിനായിട്ടാണ് മഅ്ദനി 176600 രൂപ മുന്‍കൂറായി കെട്ടിവെക്കേണ്ടത്. തിരിച്ചെത്തിയ ശേഷം മറ്റ് ചെലവുകളുടെ തുകയും അടക്കേണ്ടി വരും. ഇവര്‍ സഞ്ചരിക്കുന്ന വാഹനത്തിന് 60 രൂപയാണ് കിലോമീറ്ററിന് ഈടാക്കുക. ഇവ കൂടാതെ അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം, താമസം എന്നിവയും മഅ്ദനി സ്വയം വഹിക്കേണ്ടി വരും.

You may have missed

error: Content is protected !!