ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈഡോക്ക് കൊച്ചി കപ്പല്‍ ശാലയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈഡോക്കിന് കൊച്ചി കപ്പല്‍ ശാലയില്‍ ഇന്ന് തറക്കല്ലിടും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് തറക്കല്ലിടുന്നത്. 1799 കോടി ചെലവിലാണ് ഡ്രൈഡോക്കിന്റെ നിര്‍മാണം.

310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവുമുളള ഡോക്കില്‍ ഒരേ സമയം വലിയ കപ്പലുകളും ചെറുയാനങ്ങളും നിര്‍മിക്കാന്‍ കഴിയും. വിമാനവാഹിനിക്കപ്പലും എല്‍.എന്‍.ജി കാരിയറുകളും നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് നിര്‍ദ്ദിഷ്ട ഡ്രൈ ഡോക്.

കപ്പല്‍ നിര്‍മ്മാണവും അറ്റകുറ്റപണിയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഡോക്കിന് 600 ടണ്‍ വരെ ഭാരം താങ്ങാനാകും. രാജ്യാന്തര സുരക്ഷ നിലവാരങ്ങള്‍ക്കനുസരിച്ചാകും ഇതിന്റെ നിര്‍മ്മാണം. ജല സംസ്‌കരണ പ്ലാന്റും ഗ്രീന്‍ ബെല്‍റ്റും ഡോക്കിലുണ്ടാകും.

പുതിയ ഡ്രൈഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍.എന്‍.ജി വാഹിനികള്‍, ഡ്രില്‍ ഷിപ്പുകള്‍, ജാക്ക് അപ്പ് റിഗ്ഗുകള്‍, വലിയ ഡ്രഡ്ജറുകള്‍, ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹിനികള്‍, ഉന്നത നിലവാരത്തിലുള്ള ഗവേഷണ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാനാകും. തെക്ക് കിഴക്കന്‍ ഏഷ്യയിലെ എല്ലാ കപ്പല്‍ അറ്റകുറ്റപണികള്‍ക്കുമുള്ള മാരിടൈം ഹബ്ബായി ഇത് കൊച്ചിയെ മാറ്റും.

മെയ് 2021 ഓടു കൂടി നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പദ്ധതി വഴി രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കൊച്ചി കപ്പല്‍ശാല ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപ് അഡ്മിനിസ്‌ട്രേഷനു വേണ്ടി നിര്‍മ്മിച്ച രണ്ട് 500 സീറ്റര്‍ പാസഞ്ചര്‍ കപ്പലുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ വച്ച് നടക്കും.

error: Content is protected !!