ചെെന സഹായിക്കും; മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ പാക്കിസ്ഥാനും

ഇന്ത്യയുടെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ 2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാന്‍ പാക്കിസ്ഥാനും പദ്ധതിയിടുന്നു. ചെെനയുടെ സഹായത്തോടെ 2022ല്‍ തന്നെ ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാനാണ് പാക്കിസ്ഥാന്‍റെ ശ്രമം.

ഇതിന്‍റെ ഭാഗമായി പാക് ബഹിരാകാശ ഏജന്‍സി ചെെനീസ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചെെന സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ചെെനയുമായി ചേര്‍ന്ന് നടത്താന്‍ പോകുന്ന ബഹിരാകാശ മുന്നേറ്റത്തെപ്പറ്റി പാക് മന്ത്രി ഫവാദ് ചൗധരി ഔദ്യോഗികമായി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2003ലാണ് ചെെന ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിച്ചത്. റഷ്യക്കും അമേരിക്കയ്ക്കും ശേഷം ആദ്യമായി ഈ നേട്ടത്തിലെത്തുന്ന രാജ്യമാണ് ചെെന. പ്രതിരോധ- സെെനിക മേഖലകളില്‍ ഇപ്പോള്‍ പാക്കിസ്ഥാനും ചെെനയും തമ്മില്‍ വലിയ സഹകരണമാണ് ഉള്ളത്. ചെെനയുടെ റോക്കറ്റ് ഉപയോഗിച്ച് പ്രാദേശികമായി നിര്‍മിച്ച രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ പാക്കിസ്ഥാന്‍ ഈ വര്‍ഷം ബഹിരാകാശത്ത് എത്തിച്ചിരുന്നു.

error: Content is protected !!