പി യു ചിത്ര റെയിൽവേയിലേക്കില്ല; സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന‌് പ്രതീക്ഷ

ഏഷ്യൻ ഗെയിംസ‌് മെഡൽ ജേതാവായ ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി പി യു ചിത്ര റെയിൽവേ വാഗ‌്ദാനം നൽകിയ ജോലി സ്വീകരിക്കുന്നില്ലെന്ന‌് തീരുമാനിച്ചു. സംസ്ഥാന സർക്കാരിൽ ജോലിക്ക‌് അപേക്ഷ നൽകിയിട്ടുണ്ടെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ചിത്ര പറഞ്ഞു.
കേന്ദ്ര സർക്കാർ ജോലിക്കാരായ പല താരങ്ങൾക്കും കായികരംഗത്ത‌് സജീവമായി തുടരാനാകുന്നില്ല എന്നതും റെയിൽവേയിലെ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ തടസ്സങ്ങളും ചിത്രയുടെ തീരുമാനത്തിനു പിന്നിലുണ്ട‌്. ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ ജേതാവാണ‌് ചിത്ര. പാലക്കാട‌് ഡിവിഷനിൽ സീനിയർ ക്ലർക്ക‌് തസ‌്തികയിൽ നിയമനം നൽകാമെന്നായിരുന്നു റെയിൽവേയുടെ വാഗ‌്ദാനം. ഓഫർ ലെറ്റർ സ്വീകരിച്ചെങ്കിലും തുടർ നടപടികളിലേക്ക‌് കടക്കുന്നില്ലെന്ന‌് തീരുമാനിച്ചതായി ചിത്ര പറഞ്ഞു. ആകുന്ന അത്രയുംകാലം കായികരംഗത്ത‌് തുടരാനാണ‌് ആഗ്രഹമെന്നും കേരളത്തിൽ അതിനുള്ള സാധ്യതയുണ്ടെന്നും ചിത്ര പറഞ്ഞു. ഹര്‍ഡിൽസിൽ വെള്ളി മെഡൽ നേടിയ തമിഴ‌്നാടിന്റെ ധരുൺ അയ്യാസാമിയും റെയിൽവേ വാഗ‌്ദാനം നൽകിയ ജോലി സ്വീകരിക്കുന്നില്ലെന്ന‌് തീരുമാനിച്ചതായാണ‌് വിവരം.
പഠനം കഴിയുന്നതുവരെ മാസം 10,000 രൂപയും സംസ്ഥാന സർക്കാരിന്റെ എലൈറ്റ‌് വിഭാഗത്തിൽപ്പെടുത്തി ദിവസം 500 രൂപയും സാമ്പത്തിക സഹായം നൽകിവരുന്നുണ്ട‌്. കഴിഞ്ഞ ലോക അത‌്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാതെ ദേശീയ അത‌്‌ലറ്റിക‌് ഫെഡറേഷൻ തഴഞ്ഞപ്പോഴും സംസ്ഥാന സർക്കാർ ചിത്രയ‌്ക്കൊപ്പം നിന്നു. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലം നേടിയ ചിത്ര 2003ൽ ഏഷ്യൻ സ്‌കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 3000 മീറ്ററിലും ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിലും തുർക്ക‌്മെനിസ്‌താനിൽ നടന്ന ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 1500 മീറ്ററിലും സ്വർണം നേടിയിട്ടുണ്ട‌്. പാലക്കാട് മുണ്ടൂർ സ്‌കൂളിലെ വിദ്യാർഥിയായിരുന്ന ചിത്ര, ഇപ്പോൾ തൃശൂർ ഇരിങ്ങാലക്കുട ക്രൈസ‌്റ്റ‌് കോളേജിലെ എംഎ അവസാന വർഷ വിദ്യാർഥിനിയാണ‌്.