പിരിച്ചുവിട്ട എക്സൈസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള വ്യാജ മദ്യ നിര്‍മാണം പിടികൂടി

പത്തനംതിട്ട അടൂർ മണക്കാലയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട എക്സൈസ് ഉദ്യോഗസ്ഥനും വീട്ടുടമയും ചേർന്ന് നടത്തിവന്ന വ്യാജ വിദേശമദ്യ നിർമാണ കേന്ദ്രത്തില്‍ നിന്ന് വൻതോതിൽ വ്യാജമദ്യം പിടികൂടി. 800 ലിറ്റർ സ്പിരിറ്റും 500 ലിറ്ററിനടുത്ത് തയ്യാറാക്കി വച്ചിരുന്ന മദ്യവും നിർമാണ സാമഗ്രികളുമാണ് പിടിച്ചെടുത്തത്. മദ്യം ബോട്ടില്‍ ചെയ്യുന്ന യന്ത്രങ്ങളും സര്‍ക്കാര്‍ സ്റ്റിക്കറ്ററുകളുടെ സമാനമായ വ്യാജ സ്റ്റിക്കറുകളും പിടിച്ചെടുത്തു. ജവാന്‍, റെഡ് പോര്‍ട്ട് എന്നീ മദ്യങ്ങളുടെ സ്റ്റിക്കറുകളാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ എബിയെ കസ്റ്റഡിയിൽ എടുത്തു. മുൻപ് സമാന കുറ്റവുമായി ബന്ധപ്പെട്ട് ജോലിയിൽ നിന്നും പിരിച്ചുവിട്ട എക്സൈസ് ഗാർഡ് ഹാരിസ് ഓടി രക്ഷപ്പെട്ടു. ആഡംബര വാഹനങ്ങളിലാക്കി പല സ്ഥലങ്ങളിൽ എത്തിച്ച് വിൽപന നടത്തുകയായിരുന്നു ഇവരുടെ രീതി.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി ആർ.ജോസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അടൂര്‍ സിഐയും ഷാഡോ പൊലീസ് സംഘവും ആണ് പരിശോധന നടത്തിയത്.

 

 

error: Content is protected !!