എം.ജെ അക്ബറിനെതിരെ അന്വേഷണം നടത്തണമെന്ന് മനേകാ ഗാന്ധി

പീഡനാരോപണം നേരിടുന്ന കേന്ദ്രസഹമന്ത്രി എം.ജെ അക്ബറിനെതിരെ അന്വേഷണം നടത്തണമെന്ന് കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. വിദേശകാര്യ സഹമന്ത്രിയായ എം.ജെ അക്ബറിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യത്തെ ബി.ജെ.പി നേതാവാണ് മനേകാ ഗാന്ധി.

‘ അന്വേഷണം എന്തായാലും നടത്തേണ്ടതാണ്. അധികാരത്തിലിരിക്കുന്ന ആണുങ്ങള്‍ പലപ്പോഴും ചെയ്യുന്നതാണിത്. മാധ്യമലോകത്തും രാഷ്ട്രീയരംഗത്തും കമ്പനികളിലായാലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇപ്പോള്‍ സ്ത്രീകള്‍ പ്രതികരിച്ച് തുടങ്ങിയിരിക്കുകയാണ്’ മനേകാ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം അക്ബറിനെതിരെ നടപടി ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ വിദേശ്യകാര്യ മന്ത്രി സുഷമ സ്വരാജ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് മേനക ഗാന്ധി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിരിക്കുന്നത്.

ലൈവ്മിൻറ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് അക്ബറിനെതിരെ ട്വിറ്ററിലൂടെ ലൈംഗിക ആരോപണമുന്നയിച്ചത്. 1997ൽ നടന്ന സംഭവമായിരുന്നു അത്. ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റർ കൂടിയായ അക്ബർ മാധ്യമ മേഖലയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് ആ മേഖലയിൽ പുതുമുഖമായിരുന്ന പ്രിയ, അക്ബർ വിളിച്ചതുപ്രകാരം മുംബൈയിലെ ഹോട്ടലിൽ രാത്രി ഏഴ് മണിക്ക് ചെന്നിരുന്നു.

അഭിമുഖത്തിനെന്ന് പറഞ്ഞായിരുന്നു 23കാരിയായ പ്രിയയെ അയാൾ വിളിച്ചത്. എന്നാൽ അക്ബറിൽ  നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും തനിക്ക് മദ്യം വാഗ്ദാനം ചെയ്തെന്നും പ്രിയ ആരോപിച്ചിരുന്നു. തനിക്കുണ്ടായ അനുഭവം ഇയാളിൽ നിന്ന് മറ്റുള്ള മാധ്യമ വിദ്യാർഥികളും നേരിട്ടിരിക്കുമെന്നും അവർ അത് വെളിപ്പെടുത്തട്ടെ എന്നും അവർ ട്വിറ്ററിൽ കുറിച്ചു. എം ജെ അക്ബര്‍ ഇപ്പോള്‍ നൈജീരിയയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

error: Content is protected !!