ശബരിമലയില്‍ പോവുന്നെങ്കില്‍ ഭാര്യയുടെയും മകളുടെയും കൈ പിടിച്ച്: എം. മുകുന്ദന്‍

എന്നെങ്കിലും ശബരിമലയിലേക്ക് പോവുകയാണെങ്കില്‍ അത് വലതു കൈ കൊണ്ട് മകളുടെയും ഇടതുകൈ കൊണ്ട് ഭാര്യയുടെയും കൈ പിടിച്ചായിരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. അതിനുള്ള അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ കൈവന്നിരിക്കുന്നത്. വളരെ വിപ്ലവകരമായിട്ടുള്ള ഒന്നാണിത്. ഭാര്യയുടെയും മകളുടെയും കൂടെ മല കയറുവാന്‍ കഴിയുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ എന്താണുള്ളത്. സ്ത്രീകളെ ഇഷ്ടപ്പെടാത്ത ഏതെങ്കിലും ദൈവമുണ്ടോ. ശ്രീകൃഷ്ണ ഭഗവാന്‍ എത്ര ഗോപികമാരുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. ശിവന്റെ ശക്തി മുഴുവന്‍ പാര്‍വതിയാണെന്നാണ് പറയുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളിലെ ആരാധനാ മൂര്‍ത്തികള്‍ സ്ത്രീയല്ലേ. എന്തിനാണ് സ്ത്രീകളെ ശബരിമലയില്‍നിന്ന് അകറ്റി നിര്‍ത്തുന്നത്. ആരാണ് ഇങ്ങനെയൊരു ആചാരമുണ്ടാക്കിയത്. ശബരിമല സ്വാമി പറഞ്ഞിട്ടുണ്ടോ. ഒരിക്കലും പറഞ്ഞിട്ടില്ല, സ്ത്രീകളെ ഇങ്ങോട്ടു കയറ്റരുതെന്ന്, അദ്ദേഹം പറഞ്ഞു.

വേട്ടമൃഗങ്ങളും വിഷസര്‍പ്പങ്ങളും ഒക്കെയുള്ള ശബരിമലയില്‍ പണ്ട് കാലത്ത് പോവുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പലരും പോയിക്കഴിഞ്ഞാല്‍ തിരിച്ചുവന്നിരുന്നില്ല. അങ്ങിനെയൊരു കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പോവാന്‍ പറ്റില്ലായിരുന്നു. അതു കൊണ്ടാണ് സ്ത്രീകള്‍ അവിടെ പോവാതിരുന്നത്. പക്ഷേ ഇന്ന് നല്ല റോഡുകളുണ്ട്, പാലങ്ങളുണ്ട്, വേട്ടമൃഗങ്ങളില്ല, വിഷസര്‍പ്പങ്ങളില്ല, വിശ്രമമുറികളുണ്ട്, നല്ല ശുചിമുറികളുണ്ട്. ഇനിയും സ്ത്രീകള്‍ എന്തിന് മടിക്കണം. സ്ത്രീകളെ അകറ്റി നിര്‍ത്തുന്ന, അവരെ പാര്‍ശ്വവത്കരിക്കുന്ന ആ കാലം കഴിഞ്ഞു. സ്ത്രീകളാണ് ഇന്ന് ഏറ്റവും ശക്തരായിട്ടുള്ളത്, മുകുന്ദന്‍ പറഞ്ഞു.


കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുകുന്ദന്‍.

error: Content is protected !!