ചരിത്രാഖ്യാനമായി ഗാന്ധി ഫോട്ടോ പ്രദര്‍ശനം

ഗാന്ധിജിയുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിന്റെ ഓരോ ഏടുകളും പകര്‍ത്തിയ ഗാന്ധിസ്മൃതി ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മഹാത്മ മന്ദിരവുമായി ചേര്‍ന്നൊരുക്കിയ പ്രദര്‍ശനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചിത്രങ്ങള്‍ കാണുക മാത്രം പോരെന്നും ഗാന്ധിജിയുടെ മൂല്യങ്ങളും സന്ദേശങ്ങളും ജീവിതത്തില്‍ പകര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഗാന്ധി ദര്‍ശനങ്ങള്‍ എന്നും ലോകത്ത് നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാന്ധിജിയുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും എടുത്തുകാട്ടിയ പ്രദര്‍ശനം ഏറെ കൗതുകത്തോടെയാണ് വിദ്യാര്‍ത്ഥികളടക്കമുള്ള കാഴ്ചക്കാര്‍ വീക്ഷിച്ചത്. ജനിച്ച വീട്, ബാല്യകാലം, വിദ്യാഭ്യാസം, ജോലി, സത്യാഗ്രഹങ്ങള്‍, ജയില്‍ വാസം, യാത്രകള്‍ തുടങ്ങി അദ്ദേഹത്തിന്റെ ചിത എരിയുന്നത് വരെയുള്ള ഘട്ടങ്ങളിലെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി. കൂടാതെ ഗാന്ധിജിയുടെ അച്ഛന്‍, അമ്മ, ഭാര്യ, അനുയായികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതായി ഫോട്ടോ പ്രദര്‍ശനം ഓരോ ഇന്ത്യക്കാരും നമ്മുടെ രാഷ്ട്ര പിതാവിനെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം നടത്തിയത്. നൂറോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരുന്നത്. ഗാന്ധിജിയുടെ ജീവിതം അടുത്തറിയാനുള്ള അവസരമാണ് പ്രദര്‍ശനത്തിലൂടെ ലഭിച്ചതെന്ന് പ്രദര്‍ശനം കണ്ട വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ പ്രദര്‍ശനം കാണാനെത്തി. വിവിധ മേഖലകളില്‍ നിന്നുള്ള നൂറുകണക്കിനാളുകളാണ് കണ്ണൂര്‍ ഗവ. വൊക്കേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പ്രദര്‍ശനം കാണാനെത്തിയത്.

error: Content is protected !!