ശബരിമല: സംസ്ഥാനത്ത് നടക്കുന്നത് രാഷ‌്ട്രീയ സമരമെന്ന് കോടിയേരി

ശബരിമല സ‌്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാനത്ത‌് നടക്കുന്നത‌് വിശ്വാസ സംരക്ഷണ സമരമല്ലെന്നും തികച്ചും രാഷ‌്ട്രീയ സമരമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. കേവലമായ രാഷ‌്ട്രീയ നേട്ടങ്ങൾക്ക‌ു വേണ്ടി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും ചൂഷണംചെയ‌്തും നടത്തുന്ന ഇത്തരം നീക്കങ്ങൾ അത്യന്തം അപകടകരമാണെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവരുടെ നേതൃയോ​ഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

വിധിയില്‍ എതിരഭിപ്രായമുള്ളവര്‍ക്ക് റിവ്യു ഹര്‍ജി നല്‍കാം. അതല്ലാതെ വിധിക്കെതിരെ സമരംചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. വിധി നടപ്പാക്കുന്ന കാര്യത്തിലും സര്‍ക്കാരിന് തുറന്ന മനസ്സാണുള്ളത്. അതുകൊണ്ടാണ് വിഷയം ചര്‍ച്ചചെയ്യാന്‍ തന്ത്രികുടുംബത്തെയും മറ്റും ക്ഷണിച്ചത്. എന്നാല്‍, അവര്‍ വന്നില്ല. സര്‍ക്കാര്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതും.

സമരം ചെയ്യുന്നവരുടെ മുന്‍ നിലപാടുകൂടി പരിശോധിക്കണം. ചരിത്രപരമായ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് വിധി വന്നയുടനെ എഐസിസി ട്വീറ്റ് ചെയ്തത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിധി നടപ്പാക്കുകയേ വഴിയുള്ളൂവെന്നാണ് ആദ്യം പറഞ്ഞത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും കേന്ദ്രസംസ്ഥാന നേതൃത്വങ്ങളും വിധിയെ സ്വാഗതംചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. പിന്നീട് മലക്കംമറിഞ്ഞതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളത്. നവോത്ഥാന കാലഘട്ടംമുതല്‍ കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചുവന്ന സമീപനം വിശ്വാസ സംരക്ഷണത്തിന്റേതാണ്. ആരാധനാലയങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരമുണ്ടാകണം. പോകുന്നവര്‍ക്ക് പോകാം. അല്ലാത്തവര്‍ പോകേണ്ട. ആരെയും നിര്‍ബന്ധിച്ച് കൊണ്ടുപോകാനോ പോകുന്നവരെ തടയാനോ സിപിഐ എം ഇല്ല. എ കെ ജി ഗുരുവായൂര്‍ സമരത്തില്‍ പങ്കെടുത്തത് എ കെ ജിക്ക് പോകാനായിരുന്നില്ല. ജാതിമത ഭേദമെന്യേ മുഴുവന്‍ വിശ്വാസികള്‍ക്കും പോകാന്‍ വേണ്ടിയാണെന്നും കോടിയേരി വ്യക്തമാക്കി.

error: Content is protected !!