മീ ടൂ ആരോപണം: മാനനഷ്ടകേസ് നൽകാൻ ഒരുങ്ങി എം ജെ അക്ബര്‍

ലൈംഗികാരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടകേസ് നൽകാൻ ഒരുങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍. അതേസമയം അക്ബറിന് എതിരായ പരാതികളിൽ ഉറച്ച് നിൽക്കുകയാണെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചു. പോരാട്ടം തുടരുമെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കി.

വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ ഉയര്‍ന്ന്  ഒരാഴ്ച കഴിഞ്ഞിട്ടും വിദേശത്തായിരുന്ന എം.ജെ അക്ബര്‍ ഒരു വാക്ക് പോലും പ്രതികരിച്ചിരുന്നില്ല.രാവിലെ ദില്ലി വിമാനത്താവളത്തില്‍ എത്തിയപ്പോഴും ഇക്കാര്യത്തില്‍ പിന്നെ പ്രസ്താവന നടത്തുമെന്ന വാചകത്തില്‍ പ്രതികരണം ഒതുങ്ങിയിരുന്നു. പ്രധാനമന്ത്രിക്ക് ഈ മെയിലില്‍ രാജിക്കത്ത് നല്‍കിയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ കാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്.

അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബും തുറന്നെഴുതി. ‘മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി’  ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവർത്തക തുറന്ന് എഴുതിയത്.

ദില്ലിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം. മന്ത്രി ദില്ലിയിലെത്തിയതിന് പിന്നാലെ അക്ബറിനോട് രാജിവയ്ക്കാൻ ഉടൻ ആവശ്യപ്പെടണമെന്നാവശ്യ്പ്പെട്ട് ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക ഗസാല വഹാബ് രംഗത്തെത്തി. രാജി വച്ചില്ലെങ്കിൽ വിദേശ രാജ്യങ്ങൾ അക്ബറിനെ ബഹിഷ്ക്കരിക്കണമെന്നും ഗസാല ആവശ്യപ്പെട്ടു.

error: Content is protected !!