കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം; വെട്ടിലായി സിപിഎം നേതൃത്വം

കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരും ജീവനക്കാരും അടങ്ങിയ വാട്സ് അപ്പ് ഗ്രൂപ്പിൽ അശ്ലീല ശബ്ദ സന്ദേശമയച്ച സംഭവം വിവാദമാവുന്നു. വനിതാ കൗൺസിലർമാരും, വനിതാ ജീവനക്കാരും ഉള്ള ഗ്രൂപ്പിലാണ് പുഴാതിയിലെ മുതിർന്ന സി.പി.എം കൗൺസിലർ സന്ദേശമയച്ചത്. സംഭവത്തിൽ കൗൺസിലർക്കും ഗ്രൂപ്പ് അഡ്മിൻ അയ മേയർക്കുമെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് വനിതാ കൗൺസിലർമാർ നാളെ എസ്.പിക്ക് പരാതി നൽകും.

സി.പി.എം പ്രാദേശിക നേതൃത്വത്തിലെ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. പ്രാദേശിക നേതാവായ സി.പി.എം വനിതാ കൗൺസിലറുടെ ഭർത്താവും  ഒരു യുവതിയും തമ്മിലുള്ള അശ്ലീല ഓഡിയോ സന്ദേശമാണ് ഈ ക്ലിപ്പിൽ ഉള്ളത്. സംഭവം വിവാദമായതോടെ ഗ്രൂപ്പ് അഡ്മിനായ മേയർ ലെഫ്റ്റ് ആവുകയായിരുന്നു. തുടര്‍ന്ന് പലരും ലെഫ്റ്റ് ആവുകയും തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

സന്ദേശമയച്ച കൗൺസിലർക്കും മേയർക്കുമെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. ഡി.സി.സി ഓഫീസിൽ ഇന്ന് ചേർന്ന യു. ഡി. എഫ് യോഗത്തിലാണ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത് .നാളെ എസ് പിക്ക് പരാതി നൽകുമെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കൂടിയായ കൗൺസിലർ  സുമാ ബാലകൃഷ്ണൻ പറഞ്ഞു.

അതേ സമയം സി.പി.എം പ്രാദേശിക നേതാവിന്റേതായ അശ്ലീല വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ നേതാവിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നടപടി ആവശ്യപ്പെട്ടതായാണ് സൂചന.എന്നാൽ തനിക്കെതിരെ നടപടി ഉണ്ടായാൽ കൗൺസിലർ അയ ഭാര്യയെ രാജിവെപ്പിക്കും എന്ന് ഭീക്ഷണി മുഴക്കിയതായും സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാൽ കോർപ്പറേഷൻ ഭരണം നഷ്ടമാകുമെന്ന ഭീതിയും സി.പി.എമ്മിനുണ്ട് .ഇതോടെ സി.പി .എം നേതൃത്വം കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

error: Content is protected !!