ലോകത്തെ ഏറ്റവും ശക്തയായ വനിതാ സി.ഇ.ഒ പടിയിറങ്ങി

ലോകത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ പെപ്സികോയുടെ തലപ്പത്ത് നിന്ന് ഇന്ദ്ര നൂയി ഇന്ന് പടിയിറങ്ങി. കമ്പനിയിൽ മൊത്തം 24 വർഷം ജോലി ചെയ്ത ചെന്നൈയുടെ സ്വന്തം നൂയി പടിയിറങ്ങുന്നത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയിൽ നിന്നാണ്. 12 വർഷം അവർ സി ഇ ഒ സ്ഥാനത്ത് തുടർന്നു.

എന്നാൽ പൂർണമായും ജോലി അവസാനിപ്പിച്ചല്ല ഇന്ദ്ര നൂയി വിട പറയുന്നത്. പെപ്സികോയുടെ ചെയർപേഴ്സൺ എന്ന പദവിയിൽ അവർ 2019 വരെ തുടരും. പെപ്സികോയുടെ സി ഇ ഒ പദവിയിൽ എത്തുന്ന ആദ്യ വനിതയും അമേരിക്കക്ക് പുറത്തു നിന്നുള്ള ആദ്യത്തെ സി ഇ ഒയുമാണ് ഇന്ദ്ര. 1994ലാണ് അവർ കമ്പനിയിൽ സേവനം തുടങ്ങുന്നത്. വൈസ് പ്രസിഡന്റായാണ്,  മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടിയ അവരുടെ തുടക്കം. നിരവധി പുതിയ ഉത്പന്നങ്ങൾ അവർ അവതരിപ്പിച്ചു.

ലോകത്തെ  പ്രമുഖമായ  500 കമ്പനികളിൽ 25 എണ്ണത്തിന്റെ തലപ്പത്താണ് സ്ത്രീകൾ ഉണ്ടായിരുന്നത്. ഇന്ദ്ര നൂയി വിട പറയുന്നതോടെ അത് 24 ആയി കുറയും. പെപ്സികോയുടെ പുതിയ സി ഇ ഒ ആയി റാമോൺ ലഗുറാട്ട ചുമതലയേറ്റു.

“എന്റെ ടാങ്കിൽ ഇനിയും ഏറെ ഇന്ധനമുണ്ട്. സി ഇ ഒ സ്ഥാനമൊഴിഞ്ഞ ശേഷം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ താത്പര്യമുണ്ട്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും”, അറുപത്തിരണ്ടുകാരിയായ ഇന്ദ്ര പറഞ്ഞു. ചെന്നൈയിൽ ജനിച്ച ഇന്ദ്ര കൃഷ്ണമൂർത്തി നൂയി ഇന്ത്യയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് പോയി. രാജ് കെ നൂയി ആണ് ഭർത്താവ്. താര നൂയി, പ്രീത നൂയി എന്നിവർ മക്കളാണ്.

error: Content is protected !!