ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി: അതിവേഗ റെയില്‍ അടക്കം ആറ് കരാറുകളില്‍ തീരുമാനം

നാവിക രംഗത്തെ സഹകരണവും അതിവേഗ റെയില്‍ പദ്ധതിയുമടക്കം ആറുപദ്ധതികളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ തീരുമാനം. ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യങ്ങള്‍, ആഗോളതലത്തില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയും പ്രധാനചര്‍ച്ചാവിഷയമായി.

മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് നരേന്ദ്ര മോദിയും ഷിന്‍സോ ആബെയും സംയുക്തമായി പാകിസ്താനോട് ആവശ്യപ്പെട്ടു. പതിമൂന്നാമത് ഉച്ചകോടിയില്‍ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമാധാനവും അഭിവൃദ്ധിയും ലക്ഷ്യമിട്ട് ഇന്ത്യയും ജപ്പാനും സഹകരണത്തിന്റെ പുതിയ പാതകള്‍ തുറക്കും. ലോകക്രമം മാനിച്ച് മുന്നോട്ടുപോകാനും നിയമസംവിധാനം ഉറപ്പാക്കാനും ധാരണയായി. ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറക്കിയ ഇന്ത്യ- ജപ്പാന്‍ വിഷന്‍ സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഡിജിറ്റല്‍ പങ്കാളിത്തം, ആരോഗ്യം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

error: Content is protected !!