കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിക്കുന്നു. അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടുകയും ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുളളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യാനങ്ങള്‍ ഒക്ടോബര്‍ അഞ്ചിനു മുമ്പായി സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് എറണാകുളം (മേഖല) ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ ഒക്ടോബര്‍ 10 വരെ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കും. ഫോണ്‍ 0484-2502768, 9496007037, മറൈന്‍ എന്‍ഫോഴ്സ്മെന്റ് 9446091185.

അതിതീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തരസാഹചര്യം നേരിടുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ വിവിധ വകുപ്പുകള്‍ക്ക് ചുമതലകള്‍ നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. ശക്തമായ മഴ മൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ അടിയന്തരസാഹചര്യം നേരിടുന്നതിനാണ് നടപടികള്‍ എടുത്തിരിക്കുന്നത്. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ പി ടി ഷീലാദേവിയ്ക്കാണ് ജില്ലാതല ഏകോപന ചുമതല.

ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം 24 മണിക്കൂറും സജ്ജമായിരിക്കണം എന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പോലീസ് റവന്യൂ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ ഉറപ്പുവരുത്തും. താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. ഒക്ടോബര്‍ അഞ്ചുമുതല്‍ 24 മണിക്കൂറും താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു താലൂക്കിന് ഒരു ഡെപ്യൂട്ടി കലക്ടര്‍ എന്ന നിലയ്ക്ക് ചാര്‍ജ് ഓഫീസര്‍മാരെ നിയോഗിച്ചു. ആലുവ താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ ചന്ദ്രശേഖരന്‍ നായര്‍, കണയന്നൂര്‍ താലൂക്കില്‍ റവന്യൂ വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ എബ്രഹാം ഫിറ്റ്സ് ജെറാള്‍ഡ് മൈക്കിള്‍, കൊച്ചി താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ എസ് ഷാജഹാന്‍, കോതമംഗലത്ത് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ദിനേശ് കുമാര്‍, കുന്നത്തുനാട് മെട്രോ ഡെപ്യൂട്ടി കലക്ടര്‍ പി വി സുനിലാല്‍, മൂവാറ്റുപുഴയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് എം റ്റി അനില്‍കുമാര്‍, പറവൂരില്‍ ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എം വി സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് ചുമതല.

വെള്ളപ്പൊക്ക സാധ്യതയുള്ളതും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ഇന്ന് (അഞ്ചാം തീയതി) സജ്ജമാക്കും. ആളുകള്‍ക്ക് രാത്രി അവിടെ കഴിയുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. മുന്‍പ് പ്രളയം ബാധിച്ചതും ഉരുള്‍പൊട്ടല്‍ നടന്നതും ആയ എല്ലാ സ്ഥലങ്ങളിലും പോലീസ് അഞ്ചാംതീയതി മൈക്ക് അനൗണ്‍സ്മെന്റ് നടത്തി അതിതീവ്ര മഴയുടെ സാഹചര്യവും ഉരുള്‍പൊട്ടല്‍ സാധ്യതയും വെള്ളപ്പൊക്ക സാധ്യതയും പൊതുജനങ്ങളെ അറിയിക്കും. ആവശ്യമുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് അടുത്തുള്ള ക്യാമ്പിലേക്ക് മാറ്റി താമസിക്കാമെന്ന് അറിയിപ്പും നല്‍കും.

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കാനും വാടകയ്ക്കെടുക്കുന്നതിനും വേണ്ട നടപടികളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കാനും, അഞ്ചാം തീയതി മുതല്‍ രാത്രി 7 മണിക്കും രാവിലെ ഏഴു മണിക്കും ഇടയില്‍ യാത്രാനിയന്ത്രണം ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കി. രാത്രി സമയത്ത് ഒരുകാരണവശാലും വിനോദസഞ്ചാരികളെ മലയോര മേഖലയിലെ റോഡുകളില്‍ അനുവദിക്കില്ല.

മലയോര മേഖലയിലും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലയിലും തീരപ്രദേശങ്ങളിലും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കു ന്നതിന് മുന്‍കൈയെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിയെന്ന് ഉറപ്പു വരുത്തും.

പ്രളയബാധിത പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ള ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സിഎച്ച്സികളും 24 മണിക്കൂറും സജ്ജമായിരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. മെഡിക്കല്‍ ടീമുകള്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ ആണെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നുണ്ട്.

കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ മോണിറ്ററിങ് കര്‍ശനമാക്കും. നാലു മണിക്കൂര്‍ മുമ്പ് ജില്ലാ കലക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിനു ശേഷം മാത്രമേ ഡാമുകളുടെ ഷട്ടര്‍ തുറക്കൂ. അടിയന്തരഘട്ടങ്ങളില്‍ വൈദ്യുതി തടസ്സം, ഗതാഗതതടസ്സം എന്നിവ ഉണ്ടായാല്‍ പരിഹരിക്കാന്‍ കെഎസ്ഇബി തയ്യാറായിരിക്കും. ഇറിഗേഷന്റെ നിയന്ത്രണത്തിലുള്ള ഡാമുകളുടെയും മോണിറ്ററിങ് കര്‍ശനമാക്കും. ഡാമിന്റെ ഷട്ടറുകള്‍ പകല്‍ മാത്രമേ തുറക്കുകയുള്ളൂ.

മോണിറ്ററിങ് ശക്തമാക്കുന്നതിന് ഫിഷറീസ് വകുപ്പും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മത്സ്യബന്ധനമേഖലയിലെ ആരാധനാലയങ്ങളിലും തീരപ്രദേശത്ത് ജനപ്രതിനിധികളെയും മത്സ്യബന്ധനവും ആയി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളെയും അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിനു മുമ്പ് മത്സ്യബന്ധനത്തിനു പോയവര്‍ സുരക്ഷിതമായി തീരണം എന്ന അറിയിപ്പ് ഫിഷറീസ് വകുപ്പ് നല്‍കി. തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

ഭിന്നശേഷിക്കാരായ ആളുകളെ ദുരന്തസാധ്യതാ മേഖലയില്‍ നിന്ന് അഞ്ചാം തീയതി മുതല്‍ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ സാമൂഹ്യ നീതി വകുപ്പിനോട് നിര്‍ദേശിച്ചു. മലയോര മേഖലയിലേക്കുള്ള വിനോദയാത്ര, നീലക്കുറിഞ്ഞി സന്ദര്‍ശനം എന്നിവ അഞ്ചാം തീയതി മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഒഴിവാക്കാനും നിര്‍ദേശം നല്കി.

error: Content is protected !!