സംസ്ഥാനത്ത് കനത്ത ജാഗ്രത

അറബിക്കടലിന്റെ തെക്കുകിഴക്കായി ലക്ഷദ്വീപിനോട് ചേര്‍ന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു ന്യൂനമര്‍ദം രൂപപ്പെട്ടത്. 12 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമാകുകയും ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥാനിരീക്ഷ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്.

അറബിക്കടലിലൂടെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേക്കാകും ചുഴലിക്കാറ്റ് നീങ്ങുക. കടലില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകും. സംസ്ഥാനമൊട്ടാകെ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ അതിതീവ്രമായ മഴക്കും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് സംഘത്തെ വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. സംസ്ഥാനത്ത് ഇതുവരെ 20 അണക്കെട്ടുകളാണ് തുറന്നത്.

error: Content is protected !!