ഇടുക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും
ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതിനെതുടര്ന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും നാളെ റെഡ് അലര്‍ട്ടായിരിക്കും. അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറിലൂടെ സെക്കന്‍റിൽ 50 ഘനമീറ്റർ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്‍റെ മധ്യത്തിലെ ഷട്ടറാണ് തുറക്കുക.
മഴശക്തമാകുന്നതിന് മുമ്പ് അണക്കെട്ട് തുറന്നാൽ ജലനിരപ്പ് നിയന്ത്രിക്കാമെന്നാണ് കണക്ക് കൂട്ടൽ. അടുത്ത ദിവസങ്ങളിലെല്ലാം ഇടുക്കിയിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നലെ നാല് മണിക്ക് ഷട്ടർ തുറക്കാനായിരുന്നു കെഎസ്ഇബിയുടെ ആദ്യ തീരുമാനം. എന്നാൽ പകൽ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു. തിരുവനന്തപുരത്ത് ചേർന്ന കെഎസ്ഇബി ബോർഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. കഴിഞ്ഞ തവണ ഡാം തുറക്കാൻ വൈകിയതിനാൽ ബോർഡ് ഏറെ പഴി കേട്ടിരുന്നു. അത് ഒഴിവാക്കാൻ കൂടിയാണ് തീരുമാനമെന്നാണ് സൂചന.
മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ മാട്ടുപ്പെട്ടി, പൊൻമുടി, മലങ്കര അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്ക് കൂട്ടി. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്. മലയോര മേഖലയിലെ രാത്രിയാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.