നിരാഹാര സമരത്തിനിടെ സ്വാമി ജ്ഞാന സ്വരൂപാനന്ദ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ വിമര്‍ശനം

പരിസ്ഥിതി പ്രവര്‍ത്തകനായ സ്വാമി ജ്ഞാന സ്വരൂപാനന്ദ ( ജി.ഡി അഗര്‍വാള്‍) നിരാഹാര സമരത്തിനിടെ മരിച്ചതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം. ഗംഗാ ശുചീകരണത്തിനായി ഇരുപതിനായിരം കോടി നീക്കി വച്ചെങ്കിലും അതില്‍ നാലില്‍ ഒന്ന് പോലും ചെലവഴിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്വാമി ജ്ഞാന സ്വരൂപാനന്ദയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി വ്യക്തമാക്കി.

സ്വാമി ജ്ഞാന സ്വരൂപാനന്ദ ഗംഗാശുചീകരണത്തിനായി നിരാഹാര സമരം നടത്തുന്നതിനിടെ മരിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് ഉമാഭാരതി പറഞ്ഞു. അദ്ദേഹത്തിന്റെ മരണം കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ടെന്നും ഉമാഭാരതി വ്യക്തമാക്കി. അതേസമയം 2014 നെക്കാള്‍ മലീമസമായാണ് ഗംഗയിപ്പോള്‍ ഒഴുകുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ‌

ഗംഗ ശുചീകരിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷകള്‍ നരേന്ദ്ര മോദി ചെവിക്കൊണ്ടില്ലെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണും കുറ്റപ്പെടുത്തി. ഗംഗ വൃത്തിയാക്കണമെന്നും അതിനായി പ്രത്യേക നിയമം പാസാക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി ജ്ഞാന സ്വരൂപാനന്ദ ജൂണ്‍ 22നാണ് നിരാഹാരസമരം ആരംഭിച്ചത്. രണ്ട് ദിവസം മുന്‍പ് അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ ജലപാനം പോലും ഉപേക്ഷിച്ചുള്ള നിരാഹാരസമരത്തിലേക്ക് അദ്ദേഹം കടക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്വാമി ജ്ഞാന സ്വരൂപാനന്ദയുടെ മരണമെന്ന് എംയിസ് ആശുപത്രി വ്യക്തമാക്കി.

error: Content is protected !!