മീ ടൂ ആരോപണം: വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബര്‍ രാജി വെച്ചേക്കും

ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബറിന്റെ രാജിയിലുള്ള തീരുമാനം ഇന്നുണ്ടാകും. വിദേശപര്യടനം പൂര്‍ത്തിയാക്കി ദല്‍ഹിയിലെത്തിയ ഉടന്‍ അക്ബര്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും വിശദീകരണം നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ രാജി ആവശ്യപ്പെടാനാണ് നീക്കമെന്നാണ് സൂചന. അക്ബറിനെതിരേ ഒമ്പത് വനിതാ മാധ്യമപ്രവര്‍ത്തകരാണ് ‘മീ ടൂ’ പ്രചാരണത്തിന്റെ ഭാഗമായി ലൈംഗികാരോപണം ഉന്നയിച്ചത്.നേരത്തെ അക്ബറിനോട് ആഫ്രിക്കന്‍പര്യടനം വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നിഷേധിച്ചിരുന്നു.

അക്ബര്‍ രാജിവയ്ക്കുകയാണെങ്കില്‍ ലൈംഗികാരോപണത്തെത്തുടര്‍ന്ന് മോദിസര്‍ക്കാരില്‍നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയായിരിക്കും അക്ബര്‍. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ നിഹാല്‍ചന്ദ് മേഘ്‌വാളിനാണ് ആദ്യ സ്ഥാനനഷ്ടമുണ്ടായത്.

അക്ബറിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന വിമര്‍ശനം ബി.ജെ.പി.ക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണം പ്രഥമദൃഷ്ട്യാതന്നെ വിശ്വസനീയമായ തെളിവായി മാറിയെന്ന് ഒരുവിഭാഗം പറയുന്നു. മാത്രമല്ല, അക്ബര്‍ 2014 വരെ കടുത്ത ബി.ജെ.പി. വിമര്‍ശകനായിരുന്നെന്നും കഴിഞ്ഞ ലോക്ഭാതെരഞ്ഞെടുപ്പുകാലത്താണ് പാര്‍ട്ടിയിലെത്തിയതെന്നും അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതുവരെ കോണ്‍ഗ്രസിനോടായിരുന്നു അക്ബറിന് അടുപ്പം.

മനേകാഗാന്ധി സ്മൃതി ഇറാനി എന്നിവരൊഴികെ കേന്ദ്രമന്ത്രിമാരോ നേതാക്കളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനു പിന്നാലെ ഇടതുപാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചു. അക്ബറിന്റെ രാജി അനിവാര്യമാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ പറഞ്ഞു.

error: Content is protected !!