നവരാത്രി ഓഫറുമായി ഇന്ത്യൻ റെയിൽവേ

നവരാത്രി വ്രതം നോക്കുന്ന യാത്രക്കാർക്കു വേണ്ടി മെനുവിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ആണ് നവരാത്രി പൂജയുടെ ഭാഗമായി യാത്രക്കാർക്കായി ‘വ്രത് കാ ഘാന’ ഒരുക്കിയിരിക്കുന്നത്. വ്രതം നോക്കുന്നവരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു സംവിധാനം ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലും റസ്റ്റോറന്‍റുകളിലും ആയിരിക്കും ഈ സൗകര്യം ലഭ്യമാകുക. നാഗ്പൂർ, അംബാല, ജയ്പൂർ, ഇറ്റാർസി, ഝാൻസി, നാസിക്, രത് ലം, ദൗണ്ട്, മഥുര, നിസാമുദീൻ, ലഖ്നൗ തുടങ്ങിയ സ്റ്റേഷനുകളിൽ ആയിരിക്കും ഈ സൗകര്യം ലഭ്യമാകുക. നവരാത്രി താളി, കിച്ചടി, ലസ്സി, ഫ്രൂട് ചാറ്റ് എന്നിവ മുൻകൂറായി ഓർഡർ ചെയ്യുന്നതിന് അനുസരിച്ച് ലഭ്യമാകും.

യാത്രയ്ക്ക് രണ്ടു മണിക്കൂർ മുമ്പെങ്കിലും ഓർഡർ നൽകേണ്ടതാണ്. യാത്രയുടെ സമയവും പി എൻ ആർ നമ്പറും ഉൾപ്പെടെയാണ് ഓർഡർ നൽകേണ്ടത്. മുൻകൂറായോ അല്ലെങ്കിൽ ഭക്ഷണം ലഭിക്കുന്ന സമയത്തോ തുക നൽകാവുന്നതാണ്.

 

error: Content is protected !!