കര്‍ഷക റാലിക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ അണിനിരന്ന പടുകൂറ്റന്‍ റാലി യു.പി-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചിന്റെ 10ാം ദിവസം അതിര്‍ത്തിയില്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ കാത്തു നില്‍ക്കുകയായിരുന്ന പ്രതിഷേധക്കാരെയാണ് പൊലീസ് തടഞ്ഞത്. സമാധാനപരമായി മൂന്നോട്ടു നീങ്ങിയ റാലിയെ തടഞ്ഞ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ബികെയു പ്രസിഡന്റ് നരേഷ് തികൈത് രംഗത്തു വന്നു.

പതിനായിരക്കണക്കിന് കർഷകർ എത്തുന്ന സാഹചര്യത്തിൽ ദില്ലി നഗരാതിർത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായി പുരോഗമിച്ച മാർച്ച് ഉത്തർപ്രദേശ് അതിർത്തിയിൽ പൊലീസ് ബാരിക്കേ‍ഡുകൾ സ്ഥാപിച്ച് തടഞ്ഞു. കർഷകർ ഇവ ഭേദിക്കാൻ തുടങ്ങിയതോടെയാണ് സംഘർഷം തുടങ്ങിയത്. ഉത്തർ പ്രദേശ് പൊലീസ് വലയം കർഷകർ ഭേദിച്ചതോടെ ദില്ലി, യുപി പൊലീസ് സേനകൾ ലാത്തിച്ചാർജ് തുടങ്ങുകയായിരുന്നു. പൊലീസ് നടപടിയിൽ ഏറ്റ പരുക്കുകളോടെ തന്നെ കർഷകർ മുന്നോട്ടുപോകും എന്ന നിലപാടിലാണ്. അതേസമയം ദില്ലി അതിർത്തിയിൽ നിന്ന് ദില്ലി നഗരത്തിലേക്ക് ഒരു കാരണവശാലും കർഷകരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് പൊലീസ്.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, ഇന്ധനവിലവർദ്ധന തടയുക, എംഎസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്യുന്നത്.

error: Content is protected !!