തലശേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപിക്കുന്നു

തലശ്ശേരിയില്‍ ഞായറാഴ്ച ആരംഭിച്ച സി.പി.എം-ബി.ജെ.പി സംഘര്‍ഷം വ്യാപിക്കുന്നു. ഇരുവിഭാഗത്തിലും പെട്ട രണ്ട് പേരുടെ വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായി. തലശ്ശേരി നഗരസഭാ കൗണ്‍സിലറുള്‍പ്പെടെയുള്ളവരുടെ വീടിന് നേരെയാണ് ഞായറാഴ്ച അര്‍ധരാത്രി ബോംബേറുണ്ടായത്. ബോംബേറില്‍ അബോധാവസ്ഥയിലായ സ്ത്രീയുള്‍പ്പെടെ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തലള്ളേരി എ.എസ്.പി ചൈത്ര തെരേസാ ജോണിന്റെ നേതൃത്വത്തില്‍ എരഞ്ഞോളി, കൊളശ്ശേരി, കാവുഭാഗം, ഇടത്തിലമ്പലം പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഞാാറാഴ്ച രാത്രി 11.30 മണിയോടെ സി.പി.എം പ്രവര്‍ത്തകന്‍ കാവുംഭാഗം അയോധ്യ ഷെല്‍ട്ടറിന് സമീപം കൊട്ടപ്പൊയില്‍ ചെറിയാണ്ടിയില്‍ റിജിലേഷിന്റെ  വീടിന് നേരയാണ് ആദ്യം ബോംബേറുണ്ടായത്.

ബോംബേറില്‍ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. ശക്തമായ സ്ഥോടന ശ്ബദത്തെ തുടര്‍ന്ന് റിജിലേഷിനും(34)ഇളയമ്മ വസന്ത(65)ക്കും ബോധക്ഷയം ഉണ്ടായി. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

ഇതിന് തിരിച്ചടിയെന്നോണം അര്‍ധരാത്രി 12.45 ഓടെ ബി.ജെ.പി പ്രവര്‍ത്തകനും തലശ്ശേരി നഗരസഭാംഗവുമായ നിട്ടൂര്‍ ഓലേശ്വരത്തെ പ്രബീഷിന്റെ വീടിന് നേരെയും ബോംബെറിഞ്ഞു. ബോംബേറില്‍ ജനല്‍ ഗ്ലാസുകളും വാതിലുകളും മറ്റും തകര്‍ന്നു. ചുവരിന് വിള്ളലുണ്ടായി. ബോംബേറില്‍ ജനല്‍ ചില്ലുകളും മറ്റും മുറിക്കകത്ത് തെറിച്ച് വീണെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

ഞായറാഴ്ച ഉച്ചയോടെ എരഞ്ഞോളി ഫിഷറീസ് ഓഫീസിന് സമീപം വെച്ച് ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ കാവുംഭാഗത്തെ സി.പി.എം പ്രവര്‍ത്തകനായ ജോബിഷ്(32) സി.പി.എം പ്രവര്‍ത്തകനായ ചോനാടം എകരത്ത്പീടികയിലെ ഹാരീസ്(28) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫിഷറീസ് ഓഫീസിന് സമീപത്തെ റോഡില്‍ വെച്ച് ഇരുവരെയും ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതയായാണ് പരാതി. ഇതിന് തുടര്‍ച്ചെയെന്നോണം തലശ്ശേരിയില്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന നാമജപഘോഷയാത്രത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കതിരൂര്‍ പുല്യോട്ടെ ആര്‍.എസ്.എസ് പര്വര്‍ത്തകന്‍ പ്രശോഭിനെ(28) ഒരു സഘം സി.പി.എം പ്രവര്‍ത്തകര്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ പ്രശോഭിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രേവശിപ്പിച്ചിരിക്കുകയാണ്. ബൈക്കില്‍ വരുന്നതിനിടെ പ്രശോഭിനെ ചോനാടം വെച്ച് ബൈക്ക് തടഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലായ തലശ്ശേരി മേഖലയില്‍ സമീപ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും എ.ആര്‍ ക്യാമ്പില്‍ നിന്നും കൂടുതല്‍ പോലീസിന് വിന്യസിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!