മുഖ്യമന്ത്രി നാളെ യു.എ.ഇയിലേക്ക്; നാല് ദിവസത്തെ സന്ദര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം നാളെ തുടങ്ങും. നാല് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ മുഖ്യന്ത്രി അബുദാബിയിലും, ദുബൈയിലും ഷാര്‍ജയിലും പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.
നവകേരള നിര്‍മിതിക്കായി പ്രവാസികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം. ബുധനാഴ്ച രാവിലെ യു.എ.ഇ സമയം രാവിലെ ആറരക്ക് അബുദാബിയില്‍ വിമാനമിറങ്ങുന്ന മുഖ്യമന്ത്രിക്ക് അബൂദബി ദുസിത്താനി ഹോട്ടലിലാണ് താമസമൊരുക്കുക. രാത്രി ഏഴരക്ക് ഇവിടെ ഇന്ത്യന്‍ ബിസിനസ് സംരഭകരുടെ കൂട്ടായ്മയായ ഐ.പി.ബി.ജി സംഘടിപ്പിക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. വ്യാഴാഴ്ച രാത്രി ഏഴിന് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പൊതു സമ്മേളനം യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സോഷ്യല്‍സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സന്ദര്‍ശനത്തിടെ പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് ശേഖരണം നടത്തുന്നില്ലെന്ന് സംഘാടകര്‍ പറഞ്ഞു. 19 ന് ദുബൈ അല്‍ നാസര്‍ ലിഷര്‍ ലാന്റിലും, 20 ന് ഷാര്‍ജ ഷൂട്ടേഴ്സ് ക്ലബിലും പൊതുസമ്മേളനം നടക്കും. വിവിധ എമിറേറ്റുകളില്‍ ബിസിനസ് മീറ്റുകളും സംഘടിപ്പിക്കുന്നുണ്ട്. 21 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.