അയ്യപ്പ സ്വാമിക്ക് ശരണം വിളിക്കാൻ ആഹ്വാനം ചെയ്ത് അമിത് ഷാ; ശബരിമല സമരത്തിന് പൂർണ്ണ പിന്തുണയെന്ന് പ്രഖ്യാപനം

ശബരിമല സമരത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.കേരളത്തിൽ സർക്കാറിന്റെയും പോലീസിന്റെയും ശക്തി കൊണ്ട് വിശ്വാസികളെ അടിച്ചമർത്താനാണ് ലക്ഷ്യമെങ്കിൽ സർക്കാർ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അമിത് ഷാ വ്യക്തമാക്കി.സുപ്രീം കോടതിക്കെതിരെയും അമിത് ഷാ വിമർശം ഉയര്‍ത്തി. കണ്ണൂരില്‍ ബിജെപി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പ സ്വാമിക്ക് ഉറക്കെ ശരണം വിളിക്കാൻ അണികളോട് ആ ഹ്വാനം ചെയ്ത് കൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിലുടനീളം ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ നിലപാട് പാർട്ടി അദ്ധ്യക്ഷൻ വ്യക്തമാക്കികൊണ്ടിരുന്നു. അയ്യപ്പഭക്തൻമാരെ അടിച്ചമർത്താനുള്ള ശ്രമത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടും.ഡിവൈഎഫ്ഐക്കാരെ അണി നിരത്തി വിശ്വാസികളെ നേരിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെങ്കിൽ പോരാട്ടത്തിലൂടെ സർക്കാറിനെ പുറത്ത് ചാടിക്കാൻ ബി.ജെ.പി മടിക്കില്ലെന്ന വെല്ലുവിളിയും ഷാ മുഖ്യമന്ത്രിക്ക് മുന്നിൽ വച്ചു.

പ്രസംഗത്തിനിടെ സുപ്രീം കോടതി വിധിയെയും ഷാ വിമർശിച്ചു. നടപ്പാക്കാൻ കഴിയുന്ന വിധി മാത്രം കോടതി നടപ്പാക്കാൻ ശ്രമിക്കണം. ഹിന്ദു ആചാരങ്ങളിൽ സ്ത്രീകൾക്ക് എപ്പോഴും തുല്യ പരിഗണനയാണ്  നൽകിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത്ഷാ ഉദ്ഘാടനത്തിനുശേഷം പിണറായിലെ ബലിദാനികളായ ഉത്തമന്റെയും, രമിത്തിന്റെയും പിണറായിയിലെ വീട് സന്ദർശിച്ച ശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകും.  തിരുവനന്തപുരത്ത് സംസ്ഥാന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം ഡല്‍ഹിക്ക് മടങ്ങും.

 

error: Content is protected !!