കുങ്കുമ പൂവുമായി മൂന്ന് പേർ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന 2 ലക്ഷത്തോളം രൂപയുടെ കുങ്കുമപൂവുമായി മൂന്ന് പേർ പിടിയിൽ. കാസർഗോഡ് ബേഡകത്തെ അഞ്ചാംമൈൽ മുഹമ്മദ് സിയാദ് (25),  ചട്ടഞ്ചാൽ തെക്കിലംരത്തെ ബാലനടുക്കം ഷാഹുൽ ഹമീദ് (22), കാസർഗോട്ടെ പൂനാച്ചി ഇബ്രാഹിം ഖലീൻ (27) എന്നിവരെയാണ് ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും പിടികൂടിയത്. കോട്ടൂരിൽ വെച്ച് പോലീസ്  നിർത്താനാവശ്യപ്പെട്ടിട്ടും വേഗത്തിൽ ഓടിച്ച് പോയ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. രേഖകളില്ലാതെ സൂക്ഷിച്ച രണ്ട് കിലോ കുങ്കുമപൂവ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് സിയാദ് 2011 ൽ വിവാഹത്തലേന്ന് വരനെ തട്ടിക്കൊണ്ടുപോയ കേസിൽ ബേഡകം പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.

മട്ടന്നൂരിൽ വിൽപ്പന നടത്തിയ ശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു കുങ്കുമപൂവെന്ന് സംഘം പോലീസിനോട് പറഞ്ഞു. കാസർഗോഡ് സ്വദേശിയായ ഏജന്റിന്റെ നിർദ്ദേശ പ്രകാരമാണ് സംഘം  കുങ്കുമപൂവുമായെത്തിയത്. വിദേശത്ത് നിന്ന് നികുതി വെട്ടിച്ച് കോഴിക്കോട് എയർപോട്ട് വഴിയാണ്  കുങ്കമപൂവെത്തിച്ചതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. സംഘത്തെ കണ്ണൂർ സെയിൽ ടാക്സ് അധികൃതർക്ക് കൈമാറി. എസ്ഐ കെ.വി. രഘുനാഥ്, എഎസ്ഐ രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്, പ്രശാന്തൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!