നിയമ ലംഘനം: കടമ്പൂര്‍ സ്കൂളിലെ അഞ്ച് ബസ്സുകള്‍ പൊലീസ് കസ്റ്റഡിയില്‍

നിയമം ലംഘിച്ചോടിയ കുറ്റത്തിന് കടമ്പൂർ സ്കൂളിന്റെ അഞ്ച് ബസ്സുകൾ എടക്കാട് പോലിസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർമാർക്കും വാഹന ഉടമക്കുമെതിരെ കേസെടുത്തതായി പോലിസ് പറഞ്ഞു. കുട്ടികളെ കുത്തിനിറച്ചും അമിതവേഗത്തിലും പോയ ബസിന്‍റെ ഡ്രൈവർമാർ മദ്യലഹരിയിലാണോ എന്ന്‍ പരിരോധിക്കണമെന്ന കണ്ണൂർ എസ്.പി.യുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. എസ്.ഐ.പുരുഷോത്തമന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് സ്കൂൾ ബസ്സുകൾ പിടികൂടിയത്. അമ്പതോളം കുട്ടികളെ കയറ്റി ഓടാൻ സൗകര്യമുള്ള ബസ്സുകളിൽ ഓരോന്നിലും 140ലേറെ കുട്ടികളെ കുത്തിനിറച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കുട്ടികളെ സ്കൂളിന് മുന്നിൽ ഇറക്കിയ ശേഷമാണ് ബസ്സുകൾ കസ്റ്റഡിയിലെടുത്തത്. ഇതേ കുറ്റത്തിന് നേരത്തെയും കടമ്പൂർ സ്കൂൾ വാഹനങ്ങൾ പിടികൂടിയിരുന്നതായി പോലിസ് വെളിപ്പെടുത്തി. അന്ന് താക്കീത് നൽകിയ ശേഷം പിഴയടപ്പിച്ചാണ് വാഹനം വിട്ടു നൽകിയതത്രെ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കുട്ടികളെ കൂടുതൽ കയറ്റിയാണ് ഇതേ സ്കൂൾ ബസ്സുകൾ ഓടിയിരുന്നത്. യാത്രക്കിടയിൽ കുട്ടികൾ നേരിടുന്ന പ്രയാസങ്ങളെ പറ്റി രക്ഷിതാക്കൾ എസ്.പി.ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.

error: Content is protected !!