കേരളം ചുട്ടുപൊള്ളുമെന്ന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: പ്രളയം ബാധിച്ച ജില്ലകളില്‍ കടുത്ത വരള്‍ച്ച

പ്രളയത്തിന് ശേഷം അസാധാരണ കാലാവസ്ഥാ മാറ്റങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വെള്ളം കേറിയിടമെല്ലാം ചുട്ടുപൊള്ളാന്‍ തുടങ്ങി. സംസ്ഥാനത്ത് ചൂടുകൂടുന്നതായാണ്കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. പ്രളയത്തിന് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ താപനില ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ പുതിയ മാറ്റങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതും മിക്ക നദികളിലെ നീരൊഴുക്ക് കുറഞ്ഞതും വേനല്‍ക്കാലത്തെപ്പോലെ പാടങ്ങള്‍ വിണ്ടുകീറുന്നതുമെല്ലാം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ക്രമീതീതമായി താപനില ഉയര്‍ന്നിരിക്കുന്നത്. ഈ ജില്ലകളില്‍ സാധാരണ വര്‍ഷങ്ങളിലെ സെപ്റ്റംബര്‍ മാസങ്ങളില്‍ അനുഭവപ്പെടുന്നതിനെക്കാള്‍ രണ്ട് ശതമാനം വരെ ചൂട് കൂടിയതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു. 24.3 ഡിഗ്രി മുതല്‍ 35 ഡിഗ്രിവരെയാണ് ഈ പ്രദേശങ്ങളിലിപ്പോഴുള്ള താപനില. മണ്‍സൂണ്‍ ദുര്‍ബലമായതും വടക്കുപടിഞ്ഞാറന്‍ കാറ്റുവീശുന്നതുമാണ് ചൂട് കൂടാന്‍ കാരണം. സെപ്റ്റംബര്‍ 21വരെ തല്‍സ്ഥിതി തുടരുമെന്ന പ്രവചനത്തിലാണ് നിരീക്ഷണ കേന്ദ്രം.

കേരളമുള്‍പ്പെടുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം സ്ഥിതിയിതുതന്നെ.വരുന്ന രണ്ടാഴ്ചകളില്‍ ചൂട് ഇനിയും ഉയരും. പ്രളയം ഏറെ നാശം വിതച്ച ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. പകല്‍ സമയത്താണ് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത്. പതിവിന് വിപരീതമായി അതിരാവിലെ മാത്രമാണ് ജില്ലയില്‍ കുറഞ്ഞ ചൂട് അനുഭവപ്പെടുന്നത്. ശരാശരി താപനിലയിലെ വ്യതിയാനത്തിന് പുറമേ ജില്ലയില്‍ ഇത്തവണ ലഭിച്ച മഴയും കുറവാണെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.

error: Content is protected !!