സൂര്യാഘാതം : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സൂര്യാഘാതം അനുഭവപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസമുണ്ടാവുകയും ചെയ്യും.ഇതുമൂലം ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാകും. ഈ അവസ്ഥയാണ് സൂര്യാഘാതം ഉണ്ടാക്കുന്നത്.

വറ്റിവരണ്ട് ചുവന്നശരീരം, നേര്‍ത്തവേഗതയിലുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, പേശിവലിവ്, തലകറക്കം, ഛര്‍ദി, മാനസികാവസ്ഥയിലുള്ള മാറ്റം ഇവയാണ് പ്രധാന ലക്ഷണങ്ങള്‍. തീപ്പൊള്ളലേല്‍ക്കുന്നതു പോലെ ശരീരത്തില്‍ കുമിളകള്‍ പൊന്തിവരുന്ന അവസ്ഥയുമുണ്ടാകാം. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക. തണുത്തവെളളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്തോടെ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക, വൈദ്യസഹായം തേടുക എന്നീ കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കാനും നിര്‍ദേശമുണ്ട്.

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ വെയിലുള്ള അവസരങ്ങളില്‍ ജോലി സമയം ക്രമീകരിച്ച് 11 മുതല്‍ മൂന്ന് വരെ പുറത്തുള്ള ജോലി ഒഴിവാക്കുക. കട്ടികുറഞ്ഞതോ വെളുത്തനിറത്തിലുള്ളതോ ഇളം നീല നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണുത്ത സ്ഥലത്തേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. ദാഹമില്ലെങ്കിലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട് മുതല്‍ നാല് വരെ ഗ്ലാസ് വെള്ളം കുടിക്കുക. വിയര്‍പ്പുള്ളവര്‍ ഉപ്പിട്ടകഞ്ഞിവെള്ളമോ ഉപ്പിട്ട നാരങ്ങാ വെള്ളമോ കുടിക്കുക. വീടിനുള്ളില്‍ കാറ്റ് കടക്കുന്ന രീതിയില്‍ ചൂട് പുറത്തു പോകത്തക്കവിധം വാതിലുകളും ജനലുകളും തുറന്നിടുക തുടങ്ങിയ മുന്‍കരുതലുകളും സ്വീകരിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

error: Content is protected !!